Saturday, 16 January 2021

'പീലാത്തോസ് കൈകള്‍ കഴുകി' / പീത്തോമ

കാലാച്ചേരി തറവാട് പണിക്കര്‍ സ്ഥാനികളുടേതാണ്. ആയുധാഭ്യാസക്കളരിയായിരുന്നു തറവാടിന്‍റെ മഹിമയും മേന്മയും. തറവാട്ടുകാരണവന്മാര്‍ കളരിഗുരുക്കളായിരുന്നതിനാല്‍ നാട്ടുപ്രമാണികളും ദേശവാഴിയുമായിരുന്നു. ദേശത്തെ ദേവാലയങ്ങളുടെ സംരക്ഷണകര്‍ത്തവ്യം മൂലം അവിടെ നിന്നൊക്കെ അഞ്ചേകാലും കോപ്പും പോലുള്ള അവകാശങ്ങളുണ്ടായിരുന്നു കാലാച്ചേരിപ്പണിക്കര്‍ കാരണവര്‍ക്ക്.

പിന്നെപ്പിന്നെ കളരിയും ആയുധാഭ്യാസവും നിന്നുപോയി. രാജാവിന് സംഘടിതമായ പട്ടാളവും പോലീസും ഉണ്ടായി. ഒടുവില്‍ രാജഭരണവും പോയി. ജനാധിപത്യം വന്നു. കാലാച്ചേരിക്കാരുടെ പ്രാമാണ്യം ഇല്ലാതായി. ആയുധാഭ്യാസക്കളരിയുടെ സ്ഥാനത്ത് ആശ്രിതരിലൊരാള്‍ നിലത്തെഴുത്തുകളരി തുടങ്ങി. കളരിയിലെ മുത്തപ്പന്‍കോവിലില്‍ അടിച്ചുതളിയും നിത്യവൃത്തിയും മുടങ്ങി. നിലത്തെഴുത്താശാന്‍റെ പിന്മുറക്കാര്‍ അവിടെ ഇങ്ഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി.

തറവാട്ടിലെ അംഗങ്ങള്‍ കരമൊഴിവായി കിട്ടിയിരുന്ന പറമ്പുകളില്‍ വെവ്വേറെ വീടു വച്ച് പിരിഞ്ഞ് താമസം തുടങ്ങി. പല കുടുംബങ്ങളിലെയും അംഗങ്ങള്‍ ഉപജീവനാര്‍ത്ഥം അന്യനാടുകളില്‍ ചേക്കേറി.

തറവാട്ടില്‍ സ്വത്തുതര്‍ക്കമുണ്ടായി. ഭൂമിയെല്ലാം ഭാഗം ചെയ്യേണ്ടിവന്നു. ഭാഗം കിട്ടിയവരില്‍ പലരും വിറ്റുപെറുക്കി നാടുവിട്ടു. ഭാഗപത്രപ്രകാരം കളരിയുടെ ഭാഗം ഒരു ശാഖയ്ക്കു കിട്ടി. പക്ഷേ, അവിടത്തെ കളരിയിലെ മുത്തപ്പന്‍ കോവിലിന്‍റെ നിത്യകര്‍മ്മങ്ങള്‍ക്കും മറ്റുമായി തറവാട്ടുകാരണവരുടെ കൈകാര്യകര്‍ത്തൃത്വം ആരും വിലക്കിയില്ല.

ഭാഗം നടന്നപ്പോഴുണ്ടായിരുന്ന കാരണവരുടെ കാലശേഷം  കാരണവസ്ഥാനത്തിന്‍റെയും ദേവാലയങ്ങളില്‍നിന്നുള്ള അവകാശങ്ങളുടെയും കളരിയുടെയും മുത്തപ്പന്‍കോവിലിന്‍റെയും അവകാശത്തിന്‍റെയും പേരില്‍ ശാഖാകുടുംബങ്ങളിലെ നായകന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. കളരിയിടത്തിലെ ഇങ്ഗ്ലീഷ് മീഡിയം സ്കൂള്‍ ഉടമയും തര്‍ക്കത്തില്‍ കക്ഷി ചേര്‍ന്നു. കളരിമുത്തപ്പന്‍റെ ഉത്സവവും മറ്റും നാട്ടുകാരുടെ പങ്കാളിത്തത്തോടെ ആയിരുന്നതുകൊണ്ട് നാട്ടുകാരും ഓരോ അവകാശികളുടെ പക്ഷം ചേര്‍ന്നു. കാലാച്ചേരി പ്രശ്നം നാട്ടുകാരുടെ പ്രശ്നമായി. അവകാശത്തര്‍ക്കത്തില്‍ ചില നാട്ടുമദ്ധ്യസ്ഥന്മാര്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ വച്ചു. എന്നാല്‍ കക്ഷികള്‍ നാട്ടുകാരുടെ പിന്‍ബലത്തോടെ അതിനെ ചെറുത്തു. കാലാച്ചേരിപ്രശ്നം നാട്ടില്‍ ക്രമസമാധാനപ്രശ്നമായി. അധികാരികള്‍ക്ക് തലവേദനയും.

ഒടുവില്‍ കച്ചേരിയില്‍ വ്യവഹാരമായി. തീര്‍പ്പുകള്‍ മേല്‍കച്ചേരികളില്‍ ചോദ്യം ചെയ്യപ്പെട്ടു. തോറ്റും ജയിച്ചും വ്യവഹാരം നീളവേ എല്ലാ പക്ഷത്തുമുള്ളവര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിനെ മുഷ്ടികൊണ്ട് തടയുന്നതായി കച്ചേരിക്കു മനസ്സിലായി. ഒരു മദ്ധ്യസ്ഥതീരുമാനത്തിന് സാദ്ധ്യതയില്ലേ എന്ന് കച്ചേരി തിരക്കി. മുമ്പൊക്കെ നാട്ടുപ്രമാണിമാര്‍ തര്‍ക്കങ്ങളില്‍ ഉണ്ടാക്കുന്ന തീരുമാനം അനുസരിച്ചില്ലെങ്കില്‍ നാട്ടില്‍ പൊറുക്കാനാകില്ലെന്ന് ആര്‍ക്കും അറിയാമായിരുന്നു. രാജശക്തി പോലും നാട്ടുമര്യാദയെ ഭയന്നിരുന്നു. എന്നാല്‍ കച്ചേരികളുടെ ഉത്തരവുകള്‍ പോലും കാറ്റില്‍ പറക്കുമ്പോള്‍ മദ്ധ്യസ്ഥതീരുമാനത്തിന്‍റെ ഗതി എന്തായാലും തങ്ങള്‍ തത്ക്കാലം പുലിവാലു പിടിക്കേണ്ടതില്ലോ എന്നായിരുന്നു കച്ചേരിയുടെ ഉള്ളിലിരിപ്പ്. കച്ചേരി ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നതുകൊണ്ടാണോ ഇപ്രകാരം നിര്‍ദ്ദേശിച്ചതെന്ന് ആരും കച്ചേരിയില്‍ ചോദിച്ചില്ല. നീതിക്കായി കാശിനു വാദിക്കുന്നവരും തങ്ങളുടെ കക്ഷിക്കു വേണ്ടി അതുന്നയിച്ചില്ല. പുറത്താരും അക്കാര്യം മിണ്ടിയില്ല. കച്ചേരിയലക്ഷ്യത്തിനു നടപടി ഉണ്ടായാലോ എന്ന പേടി. കാട്ടുനീതിയിലേക്കാണ് പോക്കെന്ന് ചിലര്‍ അടക്കം പറഞ്ഞു. അതു ശരിയെന്ന് കച്ചേരിയകത്തളങ്ങളില്‍ സംസാരമുണ്ടായി.

മദ്ധ്യസ്ഥന്മാരുടെ തീരുമാനങ്ങളും കച്ചേരിയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്ന് വ്യവഹാരം പരമോന്നത കച്ചേരിയിലെത്തി. ഏറെക്കാലം അതവിടെ നിരങ്ങി നീങ്ങി. വ്യവഹാരക്കച്ചേരിച്ചെലവും കക്ഷികളുടെ പ്രതിനിധികളുടെ കൂലിയും ചെലവും ഒക്കെയായി നീതി കിട്ടുവാന്‍ കക്ഷികള്‍ ഏറെ ധനം ചെലവിട്ടു. ഒടുവില്‍ കാലാച്ചേരിപ്രശ്നത്തില്‍ വിധി പറയുന്ന ദിനം വന്നു. നാട്ടില്‍ ക്രമസമാധാനപാലനത്തിന് അധികാരികള്‍ മുന്‍കൂട്ടി ഒരുക്കങ്ങള്‍ ചെയ്തു. ഒടുവില്‍ മല പെറ്റു. കാലാച്ചരിപ്രശ്നത്തില്‍ തീരുമാനം പുറത്തുവന്നു.

കാലാച്ചേരി കാരണവര്‍ക്കാണ് ദേവാലയങ്ങളിലെ അഞ്ചേകാലിനും കോപ്പിനും മറ്റും അവകാശം. കാരണവരുടെ സംരക്ഷണത്തിലും കര്‍ത്തൃത്വത്തിലും കളരിമുത്തപ്പന്‍കോവില്‍ തുടരും. അവിടത്തെ ഉത്സവാഘോഷങ്ങളില്‍ നാട്ടുകാര്‍ക്ക് അവകാശങ്ങളുണ്ട്. ആയുധാഭ്യാസക്കളരി ഇരുന്ന സ്ഥലം അതിന്‍റെ ഭാഗപത്രപ്രകാരമുള്ള അവകാശിയുടേതാണ്. എന്നാല്‍ ഇം്ഗ്ലീഷ് മീഡിയം സ്കൂള്‍ കൈവശക്കാരന് സ്കൂള്‍ നടത്തുന്ന കാലം വരെ അതിന് അവകാശമുണ്ടായിരിക്കും.

ദീര്‍ഘനാളത്തെ വ്യഹാരത്തിനൊടുവില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം അവകാശങ്ങള്‍ ലഭിച്ചതിനാല്‍ ക്രമസമാധാനഭംഗം ഉണ്ടായില്ല. ഉത്തമമായ തീരുമാനമെന്ന് ഘോഷമുണ്ടായി.

ആയുധക്കളരിയുണ്ടായ കാലം മുതല്‍ അവിടത്തെ പരികര്‍മ്മികളും കൂലാച്ചേരിക്കാരുടെ ആശ്രിതരുമായിരുന്ന കുടുംബത്തിലെ കാരണവര്‍ വിധി അറിഞ്ഞപ്പോള്‍ ഒട്ട് തന്നത്താനെയും ഒട്ട് ഉറക്കെയുമായി പറഞ്ഞു: 'കഷ്ടമായിപ്പോയി! ഞങ്ങളും കക്ഷി ചേര്‍ന്നിരുന്നെങ്കില്‍ ഒരു വീതം കിട്ടിയേനേ. അവകാശത്തര്‍ക്കത്തില്‍ കച്ചേരി ഇങ്ങനെ തീരുമാനിക്കുമെന്ന് കരുതിയില്ലല്ലോ, ദൈവമേ.' അപ്പോള്‍ തൊട്ടടുത്ത പള്ളിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നു കേട്ടു: 'പീലാത്തോസ് കൈകള്‍ കഴുകി.'

Tuesday, 9 June 2020

മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം


മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം


അരിഷ്ടത = കഷ്ടത, ദൗര്‍ഭാഗ്യം, ദാരിദ്ര്യം
അയര്‍ക്കുക = ഛിദ്രിക്കുക, അകലുക,
കോപിക്കുക, വെറുത്തു പറയുക, മൂര്‍ച്ഛിക്കുക, തളരുക
അയര്‍പ്പ് = അകല്‍ച്ച, ഭിന്നത, ഛിദ്രം,
വിരോധം, വ്യതിചലനം
അറാന്‍ = ഇല്ലാതാക്കുവാന്‍
അറ്റകുറ്റം = കുറവ്, കുറ്റം, ദോഷം, തെറ്റ്
അഴിവ്; അഴിക്കുക = നാശം, നശിപ്പ്; നശിപ്പിക്കുക
ആകല്‍ക്കറുസ = സാത്താന്‍, ദുഷ്ടാരൂപി
ആവലാതി (ധി) = സങ്കടാപേക്ഷ, പരാതി
ഇടത്തൂട് = വിപരീതമായത്, തെറ്റായമാര്‍ഗ്ഗം, വേദവിപരീതം, വേദവിരുദ്ധത,
മതവിരോധം
ഉതപ്പ് = പാപം, കുറ്റം, ഇടര്‍ച്ച, എതിര്‍പ്പ് (ഉത = കുറ്റംചെയ്യുക,
പാപം ചെയ്യുക)
ഉത്തരിപ്പ് = പരിഹാരം; ഉത്തരവാദിത്തം,
വീട്ടല്‍, കൊടുത്തുതീര്‍ക്കല്‍
ഉപവി = സ്നേഹം, സന്തോഷം കൃപ,
ദാനം, ധര്‍മ്മം, ഭൂതദയ,
ജീവകാരുണ്യപ്രവൃത്തി
ഉപോഷിക്കുക = ഉപവസിക്കുക, വ്രതമെടുക്കുക
ഉരുവം = രൂപം
ഉഷ, ഉഷപ്പ് = ഉഷസ്സ്, പ്രകാശം, പ്രഭാതം
എരിവ് = തീക്ഷ്ണത, തീവ്രത
ഒരുവന്‍തമ്പുരാന്‍ = ഏകദൈവം
ഒപി (ഒവി, ഓപി, ഓവി) = ഉപവി, സ്നേഹം
ക്നൂമ = ആളത്തം
കടുമ; കടുമപ്പെട്ട = കടുപ്പം, കഠിനം, ദുഷ്ടത; കടുത്ത
കടിയവഴി = ദുര്‍ഘടമാര്‍ഗ്ഗം
കപ്യം (കപ്പിയം); കപ്യക്കാരന്‍ = വ്യാജം, കളവ്; കള്ളന്‍, നുണയന്‍
കല്‍പ്പെട്ട = അധികമായ, വര്‍ദ്ധിച്ച
കാതല്‍, കാതല്‍ത്വം = തത്ത്വം, സാരാംശം, ഉണ്മ, സത്ത്, കാമ്പ്
കാവ്യര്‍ = അക്രൈസ്തവര്‍, പുറജാതികള്‍, വിജാതിയര്‍, ചണ്ഡാലര്‍.
കാഴ്ചക്കാര്‍ = ദര്‍ശകര്‍, ദീര്‍ഘദര്‍ശിമാര്‍
കൊടൂരം (കൊഠൂരം); കൊടൂരക്കാരന്‍ = കാഠിന്യം, കഠോരം; കഠിനന്‍
കൊണ്ടാടുക, കൊണ്ടാട്ടം = സമ്മതിക്കുക, ഏറ്റുപറയുക, ആദരിക്കുക; ആദരവ്, ആഘോഷം, സ്തോത്രം, സ്തുതി
കുരള = അസത്യം, കളവ്, നുണ, ഏഷണി
കൊള്ളുക = വാങ്ങുക, സ്വീകരിക്കുക
ചരതിക്കുക = ശേഖരിക്കുക, സൂക്ഷിച്ചുവയ്ക്കുക
ചണ്ഡാലര്‍ = കാവ്യര്‍
ചവളപ്പെട്ട = ചവിണ്ട, മുഷിഞ്ഞ, ഭംഗിയില്ലാത്ത, മോശമായ, വൈരൂപ്യമുള്ള
ചോദ്യത്തിനുടെ ദിവസം = ന്യായവിധിദിവസം, അന്ത്യവിധിനാള്‍
ജീവസ്സ് = ജീവല്‍ക്കാലം, ജീവിതം, ജീവന്‍, ചൈതന്യം
തണ്ണീര്‍കുടി = വഴിയാഹാരം, പാഥേയം
തണ്യം (തണ്ണിയ) = ചീത്ത, ദുഷിപ്പ്, മോശം, അധര്‍മ്മം തണ്ണിയദിവസം = നിര്‍ഭാഗ്യദിനം
തണ്യവന്‍ = മോശക്കാരന്‍, ഹീനന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
തിന്മപ്പെട്ടവന്‍ = ദുഷ്ടന്‍, തെറ്റുകാരന്‍
തീയത് = ചീത്ത, ദുഷിച്ചത്, തിന്മ
തേറുക; തേറ്റം = പശ്ചാത്തപിക്കുക; പശ്ചാത്താപം,
വിശ്വാസം ഏറ്റുപറയല്‍, അനുതാപഗീതം
ദിഷ്ടതി = ദിഷ്ടതയുടെ ദുഷിച്ച രൂപം. വിധി,
കടമ, ആവശ്യം, അനിവാര്യം ദിഷ്ടം = ഭാഗ്യം, വിധി; ദിഷ്ടി
ദ്വിഷ്ടം = ദൈവികദാനം, ദൈവേച്ഛ
ദുഷിപെട്ട = ചീത്തയായ, മോശമായ
ദേവസ = പിശാച്, അശുദ്ധാത്മാവ്
ദോഷത്താളര്‍ = പാപികള്‍, തെറ്റുകാര്‍
നിവ്യ = നിബിയ, പ്രവാചകന്‍
നിരപ്പ് = സമാധാനം, യോജിപ്പ്, ഒത്തുതീര്‍പ്പ്, ഐക്യം
നിരൂപണ = ആലോചന, ചിന്ത
നെറി, (നെറിവ്); നെറിവുകാരന്‍, നെറിവാളന്‍ = നേര്‍വഴി, ശ്രേഷ്ഠത, നീതി; നീതിമാന്‍
നെറിവുകെട്ടവന്‍ = അധര്‍മ്മി, അധമന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
പകച്ചു = തെറ്റിപ്പോയി
പട്ടാങ്ങ; പട്ടാങ്ങപ്പെട്ട = സത്യം; സത്യമുള്ള;
പട്ടാങ്ങ ചെയ്യുക = വാഗ്ദാനം ചെയ്യുക
പൂജ = ആരാധന, ശുശ്രൂഷ
പരിഷ (പരുഷ) = കൂട്ടം, ജാതി
പറഞ്ഞൊപ്പ് = വാഗ്ദാനം
പാവാട = പാകിയ ആട, വിരിച്ച തുണി,
വിരിപ്പ് (വഴിയിലോ, ഇരിപ്പിടത്തിലോ)
പാഷണ്ഡത = മതവിശ്വാസമില്ലായ്മ, മതവിരുദ്ധാഭിപ്രായം, നാസ്തികത
പെരികെ = കൂടുതല്‍, അധികം
പൈശൂന്യം = അസൂയ, തീരാപ്പക, ചതി
ബസ്ക്യാമ്മ = (ബസ്ക്യാമ, ബര്‍സ്ക്യാമ) ഉടമ്പടിക്കാരി, സന്യാസിനി (പട്ടക്കാരന്‍റെ ഭാര്യ, കത്തനാരി, കത്തനാരത്തി) മസ്ക്യാമ എന്നത് ദുഷിച്ച രൂപം
ഭൂതീയം (ഭൂതിയം) = ഭൂതം, മൂലഘടകം, മൂലകം, വസ്തു.
നാലു ഭൂതിയം = ചതുര്‍ഭൂതങ്ങള്‍
ഭൂഷപ്പെടുക, ഭൂഷിക്കുക = അലങ്കരിക്കുക, (വേഷം) ധരി ക്കുക
മയ്യല്‍ (മയല്‍) = മങ്ങല്‍, മയക്കം, dusk, അരണ്ട വെളിച്ചം, ഉഷസ്സ്; മയ്യലേ = രാവിലേ, രാവ് പോകുന്ന നേരം
മിനക്കെടപ്പെട്ട = മിനക്കെട്ട, വൃര്‍ത്ഥമായ, വെറുതെയുള്ള, അനാവശ്യമായ, നിഷ്ഫലമായ
മുറയിടുക; മുറയിടല്‍ = മുറവിളിക്കുക, വിലപിക്കുക; വിലാപം
മറുതലിപ്പ് = എതിര്‍പ്പ്, വിരുദ്ധത
മുന്മത്വം (മുന്മസുവം) = ത്രിത്വം
മുമ്പിടുക = തുടക്കമിടുക, മുമ്പോട്ടു വരുക, മുമ്പിലാകുക
മുഷ്കരം; മുഷ്കരത്തം = ശക്തി, അധികാരം
മൂവൊരുവന്‍ = ത്രീയേകന്‍, ത്രീയേകദൈവം
മെമ്രാ = പാട്ട്, ഗീതം
യാവന (യാപന) = ആഹാരം, തീറ്റ, ഉപജീവനമാര്‍ഗ്ഗം
വഹിയാ = വയ്യാ (സംസ്കൃതസാമ്യം വരുത്തിയത്); വഹിക്കുയില്ല
വാങ്ങി = പിന്തിരിഞ്ഞു
വിമ്മിട്ടം (വിമ്മിഷ്ടം) = വിഷമം, ശ്വസിക്കുവാന്‍ പ്രയാസം
വിലങ്ങിടം = കാരാഗൃഹം, തടങ്കല്‍, തടവറ
സന്തുക്കള്‍ = (തന്തുക്കള്‍) ശരീരാവയവങ്ങള്‍, സന്ധികള്‍
സ്വതകര്‍മ്മം = സ്വതേയുള്ള പ്രവര്‍ത്തനം
സ്വത്വം = സമാധാനം, സ്വാതന്ത്ര്യം, സ്വസ്തി
സൂക്ഷിക്കുക = നോക്കുക, കരുതിയിരിക്കുക, കാക്കുക.

Wednesday, 27 March 2019

പിറവം വലിയ പള്ളിയും പെരുന്നാള്‍ പട്ടികയും / പി. തോമസ് പിറവം


പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ഏഴു പള്ളികളില്‍ നിന്ന് പിരിഞ്ഞ് സ്ഥാപിതമായ പള്ളികളില്‍ പഴക്കംകൊണ്ട് ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോകസ് സുറിയാനി പള്ളിക്കുണ്ട്. കടുത്തുരുത്തി, കുറവിലങ്ങാട്, മൈലക്കൊമ്പ് എന്നീ പള്ളികള്‍ക്കിടയില്‍ ആദ്യം സ്ഥാപിതമായതാണ് പിറവം വലിയ പള്ളി. കടമറ്റം, കോലഞ്ചേരി, ആരക്കുഴ, വടകര എന്നീ പള്ളികള്‍ സ്ഥാപിതമാകും മുമ്പ് പിറവം പള്ളി ഉണ്ട്. മുളക്കുളം, മാമ്മലശ്ശേരി, നെച്ചൂര്‍, വടയാപ്പറമ്പ്, ഓണക്കൂര്‍, കാരിക്കോട് പ്രദേശങ്ങളിലെ പള്ളികള്‍ പിറവത്തുനിന്നു പിരിഞ്ഞവയാണ്.
ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ ജനസംഖ്യാവളര്‍ച്ചയും കൂടുതല്‍ മെച്ചമായ തൊഴിലന്വേഷണവും മറ്റും കടല്‍ത്തീരദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്ക് നസ്രാണികള്‍ കുടിയേറുവാന്‍ കാരണമായി. വ്യാപാരമത്സരങ്ങളും ബന്ധപ്പെട്ട യുദ്ധങ്ങളും കുടിയേറ്റത്തിന് ഇടയാക്കി.
മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ ഗോക്കമംഗലം പള്ളിയില്‍ നിന്നു പിരിഞ്ഞുപോന്ന പള്ളിപ്പുറം പള്ളി ഇടവകക്കാര്‍ പിറവം പള്ളി സ്ഥാപിച്ചുവെന്നാണ് പാരമ്പര്യം. വ്യാപാരാവശ്യങ്ങള്‍ക്കും മറ്റുമായി പിറവം പുഴയുടെ തീരങ്ങളില്‍ കുടിയേറിയവരാണ് പള്ളിസ്ഥാപനത്തിന് മുന്‍കൈ എടുത്തത്. അതിനു മുമ്പ് കോലഞ്ചേരിക്കടുത്തുള്ള കോട്ടൂര്‍ പള്ളി ആയിരുന്നു ഈ പ്രദേശത്തെ ആരാധനാകേന്ദ്രമെന്ന് പറയപ്പെടുന്നുണ്ട്. പള്ളിപ്പുറത്തുനിന്നാണ് പിറവത്തേക്ക് പ്രധാന കുടിയേറ്റം ഉണ്ടായതെന്നാണ് പല കുടുംബങ്ങളുടെയും പൂര്‍വ്വചരിത്രം പറയുന്നത്. കണ്ടനാട്, ഉദയംപേരൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട്, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും കുടിയേറ്റമുണ്ടായി. 9-ാം നൂറ്റാണ്ടിനടുത്ത് വന്‍തോതില്‍ കുടിയേറ്റം നടന്നതായി ചരിത്രമുണ്ട്. ന്യൂനപക്ഷമായ തെക്കുംഭാഗരും കുടിയേറ്റക്കാരില്‍ പെടുന്നു. തിരുവിതാംകോടിലും മറ്റും അവശേഷിച്ചിട്ടുള്ള തരുതായ്ക്കളിലെ (ധരിയായ്ക്കള്‍, തരീസാക്കള്‍) ചില കുടുംബക്കാരും പിറവത്തു വന്നിട്ടുണ്ട്.
പുരാതനമായ പല ഇടവകപ്പള്ളികളും ആദ്യകാലത്ത് കുടുംബക്കുരിശുകളായിരുന്നു. ഉള്‍നാടുകളില്‍ കുടിയേറിയ വ്യാപാരികളായ നസ്രാണികള്‍ തങ്ങളുടെ താവഴികേന്ദ്രങ്ങളില്‍ കുരിശടികള്‍ വയ്ക്കുകയും വിളക്കുവച്ച് പ്രാര്‍ത്ഥിക്കുകയും അവയോടു ചേര്‍ന്ന് കുഴിമാടങ്ങളില്‍ മരിച്ചവരെ സംസ്കരിക്കുകയും നേര്‍ച്ച കഴിക്കുകയും ചെയ്തിരുന്നു. ആദ്യം കുടിയേറുന്ന ഒരു കുടുംബത്തിന്‍റെ കുരിശ് പിന്നീടു കുടിയേറുന്നവരും ഉപയോഗിക്കുമായിരുന്നു. അവിടങ്ങളിലാണ് പില്‍ക്കാലത്ത് പള്ളികള്‍ ഉണ്ടായത്.
പിറവം പള്ളി 5, 6 നൂറ്റാണ്ടുകള്‍ക്കിടയില്‍ സ്ഥാപിതമായി എന്ന് കരുതപ്പെടുന്നു. 9-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്ന് വന്ന മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് എന്നിവരില്‍ മാര്‍ ഫ്രോത്ത് ഉദയംപേരൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പിതാവിന്‍റെ പേര് പിറവം പള്ളിയോടു ബന്ധപ്പെട്ടതായി ഊഹിക്കുന്നവരുണ്ട്. ഫ്രോത്തു പള്ളി, പൊറോത്തു പള്ളിയായി രൂപാന്തരപ്പെട്ടതോ? പള്ളിയുടെ പേരില്‍ നിന്നാകാം പിറവം എന്ന സ്ഥലപ്പേരിന്‍റെ പിറവി. ആദ്യകാലരേഖകളില്‍ പ്രത്ത് പൊറോത്ത്, പൊരൊത്ത്, പ്രവത്ത്, എന്നിങ്ങനെയെല്ലാം കാണാം. തിരുവിതാംകൂറിലെ സര്‍വ്വേരേഖകള്‍ക്കു ശേഷമാണ് പ്രവം, പിറവം എന്ന് വികസിപ്പിച്ച് എഴുതിത്തുടങ്ങുന്നത്.
ഇന്നു കാണുന്ന പള്ളി പോര്‍ട്ടുഗീസ് കാലത്തോടടുത്ത് പുനര്‍നിര്‍മ്മിച്ചതാണ്. കണ്ടനാട് കടമറ്റം, മുളന്തുരുത്തി മുതലായ പള്ളികളും ഈ മാതൃകയില്‍ പണിതവയാണ്.
ഉദയംപേരൂര്‍ സുന്നഹദോസുകാലത്തുണ്ടായിരുന്ന 104 പള്ളികളില്‍ പിറവം ഉള്‍പ്പെടുന്നു. സുന്നഹദോസിനു ശേഷം ആര്‍ച്ച് ബിഷപ്പ് മെനസിസ് സന്ദര്‍ശിച്ച 77 പള്ളികളില്‍ പിറവവുമുണ്ട്. കൂനന്‍കുരിശുസംഭവാനന്തരം മാര്‍ത്തോമ്മാ മെത്രാന്‍റെ കീഴില്‍ വന്ന 44 പള്ളികളില്‍ ഒന്ന് പിറവമാണ്. കൂനന്‍കുരിശുസത്യത്തിനു ശേഷം പിറവത്ത് ഇരുപക്ഷക്കാരും ഉണ്ടായിരുന്നു. 1618-ല്‍ വടക്കുംഭാഗക്കാരായ റോമന്‍വിഭാഗം വേറെ പള്ളി സ്ഥാപിച്ചു പിരിഞ്ഞു. റോമന്‍തെക്കുംഭാഗര്‍ വലിയപള്ളിയില്‍തന്നെ തുടര്‍ന്നു.
പള്ളിയുടെ മദ്ബഹായില്‍ ത്രോണോസിനു പിന്നിലുള്ള റവുത്തളില്‍ (മേശക്കു പിറകിലുള്ളത് - റിയോ ടാബുലം - റാത്തള്‍, എറത്താള്‍, എറത്താഴ് എന്നൊക്കെ രൂപ പരിണാമം) മനോഹരമായ ചിത്രങ്ങള്‍ ഉണ്ട്. അത് തടിയില്‍ കൊത്തുപണികള്‍ ചെയ്ത് കൂട്ടി യോജിപ്പിച്ചിട്ടുള്ള ചട്ടങ്ങള്‍ക്കുള്ളിലാണ് ചിത്രങ്ങള്‍. പണി തീര്‍ത്ത് ജലവാഹനത്തില്‍ കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു. അത് പോര്‍ട്ടുഗീസ് ശൈലി പകര്‍ത്തിയതാകാം. മാലാഖകളുടെയും, പഴയനിയമ പിതാക്കന്മാരുടെയും (മുകളില്‍ യഹോവ, ഹാനോക്ക്, ഏലിയ) രൂപങ്ങള്‍ കാണാനുണ്ട്. യേശുവിനെ വഹിച്ചിട്ടുള്ള മാതാവിന്‍റെ ചിത്രം, പഴയ ചായക്കൂട്ടുകള്‍ കൊണ്ട് മദ്ധ്യത്തില്‍ വരച്ചിരിക്കുന്നു. അതിനു ചുറ്റുമായി വേദപുസ്തകരംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. താഴെ തിരുവത്താഴം. ഇതില്‍ ക്രിസ്തുശിഷ്യരുടെ പേരുകളുണ്ട്. കടുത്തുരുത്തി വലിയ പള്ളിയിലും മറ്റു പല പള്ളികളിലും റവുത്തള്‍ ഏതാണ്ട് ഈ മാതൃകയിലുണ്ട്. 1818-ല്‍ പാലായില്‍ ഒരു കുരിശുപള്ളിയില്‍ പിറവം മാതൃകയില്‍ റവുത്തള്‍ സ്ഥാപിച്ചു. റവുത്തളിനു പകരം മദ്ബഹായുടെ കിഴക്കേ ഭിത്തിയില്‍തന്നെ ഈ മാതൃകയില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുള്ള പള്ളികളുണ്ട്. തിരുവല്ല പാലിയേക്കര പള്ളിയിലുള്ള മദ്ബഹാഭിത്തിയിലെ ചിത്രങ്ങള്‍ ഏതാണ്ട് പിറവത്തെ ചിത്രങ്ങള്‍ പോലെയുണ്ട്.

പിറവം കലണ്ടര്‍

ആ കാലഘട്ടത്തില്‍ കത്തോലിക്കാവിഭാഗത്തിന്‍റെ സ്വാധീനത്തില്‍ എഴുതപ്പെട്ടുവെന്നു കരുതാവുന്ന പെരുന്നാള്‍ പട്ടിക പള്ളിയുടെ തെക്കേ ത്രോണാസിനരുകില്‍ തെക്കേ ഭിത്തിയില്‍ കാണാം. ഈ ചുമരെഴുത്തിനെ പിറവം കലണ്ടര്‍ എന്ന് വിളിക്കുന്നു. മലയാള അക്കങ്ങളില്‍ പത്ത്, ഇരുപത്, മുപ്പത്, നാല്പത്, ഇവകള്‍ക്കൊക്കെ പ്രത്യേക അക്കം നിലനിന്ന കാലത്താണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. മലയാളത്തില്‍ ആദ്യം അച്ചടിക്കപ്പെട്ട വേദപുസ്തകത്തിലെ (1811) ലിപികളോട് ഇതിന് അടുപ്പമുണ്ട്.ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് സുറിയാനിസഭയില്‍ നിലവിലിരുന്ന പെരുന്നാളുകളെപ്പറ്റി പഠിക്കുവാന്‍ ഇതു സഹായിക്കും. മാറാനായ പെരുന്നാളുകള്‍ ഉള്‍പ്പെടെ മുപ്പത്തിയാറ് പെരുന്നാളുകളാണ് തീയതിമുറയ്ക്ക് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മകരമാസം മുതല്‍ ധനു വരെയാണ് തീയതികള്‍ കൊടുത്തിരിക്കുന്നത്. ധനു 18, 21 (മാര്‍ത്തോമ്മാ ശ്ലീഹ) തുടങ്ങിയ പെരുന്നാളുകള്‍ കത്തോലിക്കാസ്വാധീനം വെളിപ്പെടുത്തുന്നു. രാജാക്കന്മാരുടെ പെരുന്നാളിനെക്കുറിച്ചൊന്നും അതില്‍ സൂചനയില്ല.

പിറവം പള്ളി പ. കന്യകറിയാമമ്മയുടെ നാമത്തില്‍

പൂര്‍വ്വികസഭയുടെ പാരമ്പര്യപ്രകാരം പരിശുദ്ധ കന്യകമറിയാമിന്‍റെ നാമത്തിലാണ് ഈ പള്ളി സ്ഥാപിതമായത്. പള്ളിയുടെ ബലിപീഠത്തിന്‍റെ പിന്നിലെ റവുത്തളില്‍ മദ്ധ്യഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത് യേശുക്കുഞ്ഞിനെ കൈയില്‍ വഹിച്ചിരിക്കുന്ന ദൈവമാതാവിനെയാണ്. കിഴക്കന്‍ സഭാപാരമ്പര്യം മാതാവിനെ ഒറ്റയ്ക്ക് ചിത്രീകരിക്കാറില്ലല്ലോ. പോര്‍ട്ടുഗീസ് കാലഘട്ടത്തില്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍ ഉണ്ടാക്കിവച്ച ഇതില്‍ മാതാവിനെ പ്രധാനസ്ഥാനത്ത് ചിത്രീകരിച്ചത് അന്ന് മാതാവിന്‍റെ നാമത്തിലാണ് പള്ളി എന്ന് അറിയാവുന്നതുകൊണ്ടാണ്.
1685-ല്‍ വന്ന് കോതമംഗലത്തു കബറടങ്ങിയ പ. യല്‍ദോ ബാവ ഉപയോഗിച്ച ഒരു പട്ടംകൊടപ്പുസ്തകമുണ്ട്. ആ പട്ടംകൊടപ്പുസ്തകം അദ്ദേഹത്തിനു ശേഷം മാര്‍ ഈവാനിയോസും പട്ടം കൊടുക്കുവാന്‍ ഉപയോഗിച്ചതായി കരുതുന്നു. പിറവത്തെ ദൈവമാതാവിന്‍റെ പള്ളിയില്‍ വച്ച് മത്തായി എന്ന ശെമ്മാശന് 1997 (1686 എ. ഡി.)-ല്‍ പൂര്‍ണ്ണശെമ്മശുപട്ടം നല്‍കിയതായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (അസ്റാഹ് റൂഹോ ഖാദീശോ മ്ശംശോനൊ മത്തായി ല് ഈത്തോ ദ് യല്‍ദാസാലോഹോ ദ് ഫ്രൂത്ത് എന്ന് മൂലരേഖ. തീയതി -1997- അതായത് ക്രിസ്തുവര്‍ഷം 1686. 1688-നു ശേഷം പിറവത്ത് മത്തായി കശ്ശീശ, ഗീവറുഗീസ് ശെമ്മാശന്‍, ഗീവറുഗീസ് കശ്ശീശാ എന്നിവര്‍ക്കും പട്ടംകൊടുത്തതായി ഇതില്‍ വായിക്കാം.
സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാത്രിയര്‍ക്കീസുമാരിലാരുംതന്നെ മലങ്കരയിലെത്തുന്നതിനു മുമ്പും പിറവത്തുപള്ളി ദൈവമാതാവിന്‍റെ നാമത്തില്‍തന്നെ ആയിരുന്നുവെന്നാണ് ഈ രേഖ കാണിച്ചുതരുന്നത്. (രാജാക്കന്മാരുടെ നാമത്തിലായിരുന്ന പിറവം പള്ളി, പാത്രിയര്‍ക്കീസു ബാവാ ദൈവമാതാവിന്‍റെ നാമത്തിലാക്കിയെന്ന് ചിലരെല്ലാം ഒരു രേഖയുടെയും പിന്‍ബലമില്ലാതെ കൊട്ടിഘോഷിക്കുന്നുണ്ട്.)

രാജാക്കളുടെ പള്ളിയോ?

റവുത്തള്‍ ചിത്രീകരണങ്ങളില്‍ കീഴ്നിരയില്‍ തെക്കുഭാഗത്ത് മ്ഗൂശന്മാര്‍ (മ്ഗൂശരാജാക്കള്‍, വിദ്വാന്‍മാര്‍, ജ്ഞാനികള്‍: ഇപ്പോള്‍ മ്ഗൂശരാജാക്കള്‍ കൂജരാജാക്കളായും പിന്നെ പൂജരാജാക്കളായും രൂപഭേദം വന്നിരിക്കുന്നു.) കാഴ്ച സമര്‍പ്പിക്കുന്ന സന്ദര്‍ഭം ചിത്രീകരിച്ചിട്ടുണ്ട്. (മ്ഗൂശന്മാര്‍ പേര്‍ഷ്യയില്‍ നാടുവാഴിത്തവും പൗരോഹിത്യവും ഉണ്ടായിരുന്ന ജോതിഷജ്ഞാനികളായ സമൂഹമാണ്. പോറസിലെ -പേര്‍ഷ്യയിലെ- ജ്ഞാനികള്‍ എന്ന് സുറിയാനി ആരാധനാക്രമത്തില്‍ -യെല്‍ദൊ- കാണാം.)
ആദിമസഭയിലെ രണ്ടു പ്രധാന പെരുന്നാളുകളില്‍ ഒന്നായ ദനഹ (എപ്പിഫനി, രാക്കുളി പെരുന്നാള്‍) യേശുവിന്‍റെ ജനന വെളിപ്പെടലുകളുടെ സംയുക്താഘോഷമായിരുന്നു. ജനനപ്പെരുന്നാള്‍ പിന്നീടാണ് നടപ്പിലായത്. പോര്‍ട്ടുഗീസ് കാലഘട്ടത്തില്‍ റോമന്‍കത്തോലിക്കാവിഭാഗത്തിലേക്ക് കൂറു മാറിയവരില്‍ ഒരു ന്യൂനപക്ഷം (തെക്കുംഭാഗര്‍) പിറവം പള്ളിയില്‍തന്നെ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നടത്തുന്നത് തുടര്‍ന്നു. ആ കാലയളവില്‍ റോമന്‍കത്തോലിക്കാക്രമമനുസരിച്ച് ആരാധനകളും പെരുന്നാളുകളും അക്കൂട്ടര്‍ നടത്തിവന്നു. അതുവരെ പിന്തുടര്‍ന്ന ജൂലിയന്‍ കലണ്ടറും അവര്‍ ഉപേക്ഷിച്ച് ഗ്രീഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു. ഇവ തമ്മില്‍ 10, 13 ദിവസങ്ങളുടെ വ്യത്യാസമുണ്ടായിരിക്കും. കത്തോലിക്കാവിഭാഗം മ്ഗൂശരാജാക്കള്‍ കാഴ്ചയര്‍പ്പിക്കുന്നതിന് പ്രാധാന്യമുള്ള എപ്പിഫനി ആഘോഷിക്കുമ്പോള്‍ പൂര്‍വ്വികസഭാംഗങ്ങള്‍ ജനനപ്പെരുന്നാളാകും ആഘോഷിക്കുക. (ഏതാണ്ട് 1957 വരെ എങ്കിലും വ്യത്യസ്ത തീയതികളില്‍ പെരുന്നാള്‍ ആചരിച്ചിരുന്നത് മുന്‍തലമുറയില്‍പെട്ടവര്‍ക്ക് ഓര്‍മ്മയുണ്ടാകും.) എപ്പിഫനി പെരുന്നാളില്‍ രാജാക്കള്‍ യേശുവിനെ വന്ദിക്കുന്നതിനു പ്രാധാന്യം നല്‍കിയ കത്തോലിക്കര്‍ അതിനെ 'വിശുദ്ധ രാജാക്കളുടെ പെരുന്നാള്‍' എന്ന് വിളിച്ചു. ആ ഇടക്കാലപ്രചാരണങ്ങളാലാണ് ഈ പള്ളി രാജാക്കളുടെ നാമത്തില്‍ അറിയപ്പെടുവാന്‍ ഇടയാക്കിയത്. അതുകൊണ്ട് പിറവം പള്ളി രാജാക്കളുടെ നാമത്തിലുള്ളതാണെന്ന് ചില യൂറോപ്യന്മാര്‍ എഴുതിവച്ചിട്ടുണ്ട് 15-ാം നൂറ്റാണ്ടിനു ശേഷം. അത് ഈ പള്ളിയില്‍ സഭാതര്‍ക്കം നിലവിലിരുന്ന കാലത്ത് റോമന്‍വിഭാഗം കൊടുത്ത വിവരം അനുസരിച്ച് രേഖപ്പെടുത്തിയതാകണം. സുറിയാനിപാരമ്പര്യത്തില്‍ രാജാക്കളുടെ നാമത്തില്‍ പള്ളി സ്ഥാപിക്കുവാന്‍ സാദ്ധ്യത വിരളമാണ്. എന്നാല്‍ റോമന്‍കത്തോലിക്കാപാരമ്പര്യത്തില്‍ സാദ്ധ്യതയുണ്ട്. റോമന്‍തെക്കുംഭാഗരുടെ പ്രചാരണം അടുത്ത കാലത്ത് ചിലര്‍ ഏറ്റുപിടിച്ച് ഉണ്ണിയേശുവിനെ കണ്ടു വന്ദിച്ച രാജാക്കള്‍ തിരികെ വന്ന് പിറവത്തു പള്ളി സ്ഥാപിച്ചുവന്നൊരു നിര്‍മ്മിതകഥ അടിസ്ഥാനമില്ലാതെ ആവര്‍ത്തിക്കുന്നുണ്ട്. യേശുവിന്‍റെ മരണപുനരുത്ഥാനത്തിനു മുമ്പ് രാജാക്കള്‍ പിറവത്തു പള്ളി സ്ഥാപിച്ചു എന്ന കഥ, സഭാവിശ്വാസവും ചരിത്രവും കേരളനസ്രാണിപാരമ്പര്യവും അറിയുന്നവര്‍ക്ക് പുച്ഛം തോന്നുന്ന വെറും ഭാവനാസൃഷ്ടി മാത്രമാണ്. പോയ തലമുറ ഇങ്ങനെ പറഞ്ഞുകേട്ടിട്ടില്ല.
മലങ്കരമെത്രാനായിരുന്ന പുന്നത്ര മാര്‍ ദിവന്നാസിയോസ് മൂന്നാമന്‍റെ അപേക്ഷയെത്തുടര്‍ന്ന് പിറവം പള്ളിയിലെ റോമന്‍തെക്കുംഭാഗരുടെ കൂട്ടവകാശം നീക്കി തിരുവിതാംകൂര്‍ റാണി പാര്‍വ്വതിഭായി വിളംബരം ചെയ്തു (1821 ധനു 8). തുടര്‍ന്ന് 1821 ഇടവം 21-ന് വിശുദ്ധ രാജാക്കളുടെ നാമത്തില്‍ കൊച്ചുപള്ളി സ്ഥാപിച്ച് അവര്‍ പിരിഞ്ഞു (1653 മുതല്‍ പള്ളികളിലെ തര്‍ക്കങ്ങള്‍ 19-ാം നൂറ്റാണ്ടു മദ്ധ്യം വരെയും പലയിടങ്ങളിലും തുടര്‍ന്നിരുന്നുവെന്ന് ഓര്‍ക്കേണ്ടതാണ്.) പിറവം കൊച്ചുപള്ളി അങ്ങനെ ഹോളി മാഗി പള്ളിയായി. മൂവാറ്റുപുഴ, പാല എന്നിവിടങ്ങളിലും ആ പേരില്‍ കത്തോലിക്കാപ്പള്ളികളുണ്ട്.
പള്ളിയോട് തൊട്ടടുത്തുതന്നെ പിഷാരുകോവില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നു; കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്‍റെ ഉദാത്തമാതൃക.
പള്ളിയിലെ പ്രധാന പെരുന്നാള്‍ ആദിമസഭയിലെ രാക്കുളിപ്പെരുന്നാള്‍ (ദനഹ) തന്നെ.
പന്ത്രണ്ട് ആണ്‍പൈതങ്ങള്‍ക്കുള്ള നേര്‍ച്ച ഇവിടത്തെ സവിശേഷവഴിപാടാണ്. പ്രധാനമായും ഉയിര്‍പ്പുപെരുന്നാളിനും, കൂടാതെ മൂന്നു നോമ്പു വീടലിനും ക്രിസ്മസിനും ഈ നേര്‍ച്ച ജാതിമതഭേദമെന്യേ ധാരാളം പേര്‍ നടത്തുക പതിവുണ്ട്. പഴവും നെയ്യപ്പവും തുടങ്ങി, പിടിയും കോഴിയിറച്ചിയും മറ്റെല്ലാ വിഭവങ്ങളും ഉള്‍പ്പെടുന്ന സദ്യ തന്നെയാണ് ഈ നേര്‍ച്ചയ്ക്കു വിളമ്പുന്നത്. ചിലപ്പോള്‍ മൂന്നു പൈതങ്ങള്‍ക്കും ഈ വഴിപാട് നടത്തും.

പിറവം പള്ളി സന്ദര്‍ശിച്ചവര്‍

പിറവം പള്ളി സന്ദര്‍ശിച്ച ആദ്യ സഭാമേലദ്ധ്യക്ഷന്മാര്‍ പേര്‍ഷ്യന്‍പിതാക്കന്മാരായ മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് എന്നിവരാകാം.
ഗോവന്‍ ആര്‍ച്ച് ബിഷപ്പ് മെനസ്സീസ് തന്‍റെ ജൈത്രയാത്രയില്‍ ഇവിടെ സന്ദര്‍ശിച്ചതായി രേഖയുണ്ട്.
കല്ലട മുത്തപ്പന്‍ അന്ത്രയോസ് ബാവയുടെ രണ്ടു സഹോദരന്മാര്‍ ഈ പള്ളിയില്‍ ശുശ്രൂഷകരായിരുന്നത് അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തെത്തുടര്‍ന്നാകാം.
1846-ല്‍ വന്ന് മുളന്തുരുത്തിയില്‍ കബറടക്കപ്പെട്ട യൂയാക്കിം മാര്‍ കൂറിലോസിന്‍റെ സഹോദരന്‍ മല്ക്ക് ഗബ്രിയേല്‍ മക്കുദിശാ പള്ളിയുടെ ശ്രാമ്പിയില്‍ താമസിച്ച് ശുശ്രൂഷ ചെയ്തിരുന്നു.
1877 ഫെബ്രുവരിയില്‍ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ പരുമല തിരുമേനിയോടൊപ്പം ഇവിടെ താമസിച്ച് സഭാഭരണപരമായ കല്പനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
1958-ല്‍ കക്ഷിവഴക്കുകള്‍ തീര്‍ന്നശേഷം ശാന്തമായ സഭാന്തരീക്ഷത്തില്‍, ഔഗേന്‍ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണത്തെ തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഈ പള്ളി സന്ദര്‍ശിച്ചു.

പിറവം പള്ളി മലങ്കരസഭാചരിത്രത്തില്‍

പൊതുസഭാരംഗത്ത് ശ്രദ്ധേയസംഭാവനകള്‍ അധികം പിറവത്തുനിന്ന് ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. എന്നാല്‍ നേതൃപാടവവും ജ്ഞാനവുമുള്ള വൈദികര്‍ ഉണ്ടായിട്ടുണ്ട്. കോട്ടയം പഴയ സെമിനാരി സ്ഥാപിക്കുമ്പോള്‍ മല്‍പ്പാന്മാരില്‍ ഒരാളായി പിറവത്തെ കാരാമ്മേല്‍ കത്തനാര്‍ ഉണ്ടായിരുന്നു.
ആംഗ്ലിക്കന്‍മിഷനറിമാരുടെ ഒത്താശയോടെ മലങ്കരമെത്രാപ്പോലീത്താ ദിവന്നാസിയോസ് നാലാമന് (ചേപ്പാട്ട്) എതിരേ, പള്ളിഭരണത്തില്‍ നിന്ന് അദ്ദേഹം വിടര്‍ത്തിയവര്‍ പരാതിപ്പെട്ടിട്ട്, മെത്രാനെ ബന്തവസ്സില്‍ വച്ചു വിസ്തരിച്ച അത്യപൂര്‍വ്വസംഭവത്തിന് പിറവം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മിഷനറിമാരിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് മെത്രാനെ വിസ്തരിപ്പിച്ചത്. ദൈവഗത്യാ മെത്രാന്‍ കുറ്റക്കാരനല്ലെന്ന് തീരുമാനിക്കപ്പെട്ടു.
ആംഗ്ലിക്കന്‍മിഷനറിമാരുടെ ഒത്താശയോടെ മലങ്കരമെത്രാനെതിരേ, സഭയില്‍ ഉള്ള ദോഷങ്ങളെക്കുറിച്ച് കര്‍ണല്‍ പ്രെഡര്‍ സായ്പിനയച്ച പരാതിയില്‍, പിറവത്തുകാരന്‍ തൊമ്മന്‍ കത്തനാര്‍ ഒപ്പിട്ടിരുന്നെങ്കിലും തുടര്‍ന്ന് നവീകരണവിഭാഗത്തിന് ഇവിടെ വേരുപിടിച്ചില്ല.

പള്ളിയോഗങ്ങളിലെ പങ്കാളിത്തം

ഉദയംപേരൂര്‍ സുന്നഹദോസിലും മുളന്തുരുത്തി സുന്നഹദോസിലും ഈ പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരുന്നു.
1987 ഫെബ്രുവരിയില്‍ കരിയാറ്റില്‍ യൗസേഫ് മെത്രാന്‍റെ കാലശേഷം റോമന്‍സഭാവിഭാഗത്തിലെ ഭിന്നത വര്‍ദ്ധിച്ച് കല്‍ദായ സുറിയാനി മേലധ്യക്ഷന്മാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ പാറേമ്മാക്കല്‍ ഗവര്‍ണദോറിന്‍റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ പള്ളിയോഗം കൂടി. ഗവര്‍ണദോരിനെ സഹായിക്കുവാന്‍ 12 കാനോനിസ്റ്റന്മാരെ നിശ്ചയിച്ച രേഖയില്‍ പിറവത്തെ റോമന്‍തെക്കുംഭാഗവിഭാഗത്തിലെ ഒരു ശെമ്മാശ്ശന്‍ ഒപ്പുവച്ചു.

പള്ളിപ്പാട്ടുകള്‍

കേരളത്തിലെ പുരാതനങ്ങളായ പള്ളികളുടെ സ്ഥാപനചരിത്രം വാമൊഴിരൂപത്തില്‍ പാട്ടുകളായി ഉണ്ടായിരുന്നു. ഇത്തരം ചില പാട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിറവം വലിയ പള്ളി, കൊച്ചുപള്ളി എന്നിവയെപ്പറ്റി പാട്ടുകളുണ്ട്. പള്ളിപ്പാട്ടുകളിലെ പല വസ്തുതകളും ചരിത്രപ്രാധാന്യമുള്ളവയാണ്. പള്ളിനിര്‍മ്മാണവുമായി ബന്ധപ്പെട്ട നാടുവാഴികള്‍, സ്ഥലവും വസ്തുക്കളും ദാനം ചെയ്തവര്‍, ക്ഷേത്രഭരണാധികാരികള്‍, പുരാതനകുടുംബങ്ങള്‍ എന്നിവരെക്കുറിച്ച് അവയില്‍ പരാമര്‍ശങ്ങളുണ്ട്.

പിറവം പെരുന്നാള്‍ പട്ടിക

(രേഖപ്പെടുത്തിയിരിക്കുന്നതു പോലെ) ല്പ = തീയതി
നമ്മുടെ കര്‍ത്താവിന്‍റെയും എല്ലാ പരിശുദ്ധന്മാരുടെയും പെരുന്നാളുകള്‍ ഞങ്ങള്‍ എഴുതുവാനാരംഭിക്കുന്നു. (ഏറ്റവും മുകളില്‍ സുറിയാനിയില്‍ എഴുതിയിരിക്കുന്നതിന്‍റെ ഏകദേശ മലയാളപരിഭാഷ)
മകരം 1 ല്പ നമ്മുടെ കര്‍ത്താവിന്‍റെ സുന്നത്തിട്ടതും മാര്‍ ബസ്സെലിയൊസിന്‍റെ മാര്‍ ഗ്രീഗൊറിയൊസിന്‍റെയും പെരുന്നാള്‍
6 ല്പ നമ്മുടെ കര്‍ത്താവീശൊമിശിഹാ മാമ്മൂദിസാ മുഴുകിയ പെരുന്നാള്‍
7 ല്പ മാര്‍ യൊഹന്നാന്‍ മാമ്മദാനായുടെ പുകഴ്ചയുടെയും
15 ല്പ വിത്തുകള്‍ മെലുള്ള തമ്പുരാനെ പെറ്റമ്മയുടെ പെരുന്നാള്‍
കുംഭം 2 ല്പ നമ്മുടെ കര്‍ത്താവിനെ ഒറശ്ലെം പള്ളിയില്‍ കാഴ്ച വച്ച പെരുന്നാള്‍
24 ല്പ മാര്‍ മത്തായ ശ്ലീഹായുടെ പെരുന്നാള്‍
മീനം 9 ല്പ 40 സഹദെന്‍മാരുടെയും പെരുന്നാള്‍
25 ല്പ കന്ന്യാസ്ത്രിയമ്മയൊട ഗൌറീയെല്‍ മാലാഖ അറിവിച്ച പെരുന്നാള്‍
മേടം 23 ം 24 ല്പ ം ഗീവര്‍ഗിസ്സ സഹദായുടെ പെരുന്നാള്‍
എടവം 1 ല്പ മാര്‍ പീലിപ്പൊസിന്‍റെയും മാര്‍ യാക്കൊയുടെയം പെരുന്നാള്‍
15 ല്പ കതിരുകള്‍ മെലുള്ള തമ്പുരാനെ പെറ്റമ്മയുടെ പെരുന്നാള്‍
മിഥുനം 5 ല്പ കന്ന്യാസ്ത്രി അമ്മയുടെ നാമത്തുമ്മെല്‍ പള്ളി പണിയപ്പെട്ട പെരുന്നാള്‍
24 ല്പ മാര്‍ യൊഹന്നന്‍ മൌദ്ദാനായുടെ പെരുന്നാള്‍
29 ല്പ മാര്‍ പത്രൊസിന്‍റെയും മാര്‍ പൌലൊസിന്‍റെയും പെരുന്നാള്‍
30 ല്പ പന്ത്രണ്ട ശ്ലീഹമ്മാരുടെയും പെരുന്നാള്‍
കര്‍ക്കടകം 3 ല്പ മാര്‍ത്തൊമ്മാശ്ലീഹായുടെ പെരുന്നാള്‍
25 ല്പ മാര്‍ യാക്കൊ ശ്ലിഹായുടെ പെരുന്നാള്‍
ചിങ്ങം 6 ല്പ താബൊറെന്ന മലയില്‍ ദൈവസുഖം വെളിച്ചമാക്കിയ പെരുന്നാള്‍
15 ല്പ കന്നിയാസിയമ്മാ ആകാശത്തിന്ന എഴുന്നെള്ളിയ പെരുന്നാള്‍
29 ല്പ മാര്‍ യൊഹന്നന്‍ മാമ്മദാനായുടെ തല കണ്ടിച്ച പെരുന്നാള്‍
കന്നിമാസം 8 ല്പ കന്നിയാസ്ത്രി അമ്മയുടെ പ്രപിയുടെ പെരുന്നാള്‍
14 ല്പ മാര്‍ സ്ലീബായുടെ പെരുന്നാള്‍
21 ല്പ മാര്‍ മത്തായി ശ്ലീഹായുടെ പെരുന്നാള്‍
29 ല്പ മാര്‍ മാര്‍ മിഖായെല്‍ മാലാഖയുടെ പെരുന്നാള്‍
തുലാം 7 ല്പ മാര്‍ സറുഗിസിന്‍റെയും മാര്‍ ബാക്കൊസിന്‍റെയും പെരുന്നാള്‍
28 ല്പ മാര്‍ ശെമഒന്‍റെയും മാര്‍ യുദായുടെയും പെരുന്നാള്‍
വൃശ്ചിക 1 ശുദ്ധമാകപ്പെട്ടവരെല്ലവരുടെയും പെരുന്നാള്‍
2 ല്പ മരിക്കപ്പെട്ട വിസ്വാസകാറരായവരെല്ലാവരുടെയും പെരുന്നാള്‍
21 ല്പ അന്നാ ഉമ്മാ കന്ന്യാസ്ത്രിയമ്മെ ഒറല്ലെം പള്ളിയില്‍ കാഴ്ച വച്ച പെരുന്നാള്‍
30 ല്പ അന്ത്രയൊസ ശ്ലീഹായുടെ പെരുന്നാള്‍
ധനുവം 8 തമ്പുരാനെ പെറ്റമ്മയെ ഗര്‍ഭനിച്ച പെരുന്നാള്‍
18 ല്പ ആദമ്പമലയില്‍ സ്ലീബ കണ്ടെത്തിയ പെരുന്നാള്‍
21 ല്പ ഉറഹായുടെ പള്ളിയില്‍ മാര്‍ തൊമ്മാ ശ്ലീഹാ കവറടങ്ങിയ ഗൊഴിപ്പിനുടെ പെരുന്നാള്‍
25 ല്പ നമ്മുടെ കര്‍ത്താവിന്‍റെ പ്രപിയുടെ പെരുന്നാള്‍
26 ല്പ കന്നിയാസ്ത്രി അമ്മയുടെയും എസ്തപാനൊസ്സ സഹദായുടെയും പെരുന്നാള്‍
27 ല്പ യൊഹന്നാന്‍ ഏവന്‍ഗെലിസ്തായുടെയും ഹെറൊദൊസു കൊല്ലിച്ച പൈതങ്ങളുടെയും പെരുന്നാള്‍
സമീപകാലത്തെ ചായംപൂശല്‍ മൂലം ഈ പഞ്ചാംഗത്തില്‍ ചില വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നു. കന്ന്യാസ്ത്രി അമ്മയുടെ നാമത്തുമ്മെല്‍ പള്ളി പണിയപ്പെട്ട പെരുന്നാള്‍ മിഥുനം 15 ആകാനാണു സാദ്ധ്യത. സ്ലീബായുടെ പെരുന്നാള്‍ കന്നി 13-ം 14-ം ആകാനിടയുണ്ട്.
(ദി സണ്‍ഡേ സ്കൂള്‍ 2018 ഏപ്രില്‍-ജൂണ്‍ ലക്കത്തില്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചു.)

Thursday, 27 December 2018

പിറവം പള്ളി: സഭാതര്‍ക്കവും തത്ക്കാലാവസ്ഥയും / പി. തോമസ് പിറവം

ബൈബിളിന്‍റെ മലയാള വിവര്‍ത്തന ചരിത്രം / പി. തോമസ് പിറവം

ബൈബിളിന്‍റെ മലയാള വിവര്‍ത്തന ചരിത്രം / പി. തോമസ് പിറവം

നസ്രാണികളുടെ പേരുകള്‍: ഒരു അന്വേഷണം / പി തോമസ് പിറവം