118-ാം സങ്കീര്‍ത്തനം (സുറിയാനി വേദപുസ്തകത്തില്‍ സങ്കീര്‍ത്തനം 117)
(കര്‍ത്താവേശുമശിഹായുടെ രക്ഷാകരമായ കഷ്ടാനുഭവം ഉയിര്‍പ്പ് എന്നിവയിലേക്കള്ള പ്രവേശനശുശ്രൂഷയായ വാദെ ദെല്‍മിനൊ ശുശ്രൂഷയില്‍ -കഷ്ടാനുഭവ തിങ്കളാഴ്ച രാത്രി രണ്ടാം കൗമായ്ക്കു ശേഷം നടത്തുന്നത്- ഉപയോഗിക്കുവാനായി രചിച്ചതു്)
പി. തോമസ് പിറവം
(മാര്‍ അപ്രേമിന്റെ രാഗം. എന്നെത്തന്നെ സന്നിധിയില്‍ ... എന്ന പോലെ)
കര്‍ത്താവിനു സ്തോത്രം പാടിന്‍; അവിടന്നുത്തമനാണല്ലോ.
അവിടത്തെ ദയ ശാശ്വതമാം; യിസ്രായേലിതു ചൊല്ലട്ടെ.
അവിടത്തെ ദയ ശാശ്വതമാം; യിസ്രായേലിതു ചൊല്ലട്ടെ.
അവിടത്തെ ദയ ശാശ്വതമാം; അഹരോന്യരിതു ചൊല്ലട്ടെ.
അവിടത്തെ ദയ ശാശ്വതമാം; ഭക്തന്മാരിതു ചൊല്ലട്ടെ.
അവിടത്തെ ദയ ശാശ്വതമാം; ഭക്തന്മാരിതു ചൊല്ലട്ടെ.
എന്‍ കഷ്ടതയിന്‍നേരം ഞാന്‍, നിലവിളിയോടെയപേക്ഷിച്ചു
കര്‍ത്താവുത്തരമതിനരുളി, കഷ്ടതയൊഴിഞ്ഞൊരിടത്താക്കി.
കര്‍ത്താവുത്തരമതിനരുളി, കഷ്ടതയൊഴിഞ്ഞൊരിടത്താക്കി.
കര്‍ത്താവെന്‍പക്ഷം ചേര്‍ന്നു് നില്ക്കുന്നതിനാലില്ല ഭയം
മൃതിമയമനുഷ്യര്‍ക്കായിടുമോ, എന്നോടെന്തേലും ചെയ്‌വാന്‍?
മൃതിമയമനുഷ്യര്‍ക്കായിടുമോ, എന്നോടെന്തേലും ചെയ്‌വാന്‍?
കര്‍ത്താവെന്‍ സഹായകനായു് എന്‍പക്ഷം ചേര്‍ന്നുള്ളതിനാല്‍
പകയെന്നോടുള്ളവരെ ഞാന്‍ ജയഭാവത്തോടെ നോക്കും.
പകയെന്നോടുള്ളവരെ ഞാന്‍ ജയഭാവത്തോടെ നോക്കും.
മനുഷ്യരിലാശ്രയമാകാതെ, കര്‍ത്തനിലാവതു നന്നത്രേ.
പ്രഭുക്കളിലാശ്രയമാകാതെ, കര്‍ത്തനിലാവതു നന്നത്രേ.
പ്രഭുക്കളിലാശ്രയമാകാതെ, കര്‍ത്തനിലാവതു നന്നത്രേ.
വളഞ്ഞൂ ജാതികളെന്‍ചുറ്റും, അവരെന്നെ വലയം ചെയ്തു.
കര്‍ത്താവിന്‍നാമത്താല്‍ ഞാന്‍, അവരെ ഇല്ലാതാക്കീടും.
കര്‍ത്താവിന്‍നാമത്താല്‍ ഞാന്‍, അവരെ ഇല്ലാതാക്കീടും.
തേനീച്ചകളെപ്പോലവരെന്‍ ചുറ്റും വന്നു വളഞ്ഞു, വൃഥാ
മുള്‍ത്തീ പോലവരണഞ്ഞുംപോയു് നിന്നൂ ഞാന്‍ സുരക്ഷിതനായു്.
മുള്‍ത്തീ പോലവരണഞ്ഞുംപോയു് നിന്നൂ ഞാന്‍ സുരക്ഷിതനായു്.
എന്നെ വലയം ചെയ്‌വോരെ കര്‍ത്താവിന്‍നാമത്താല്‍ ഞാന്‍
എന്നന്നേക്കും നിഹനിക്കും, അവരെ ഇല്ലാതാക്കീടും.
എന്നന്നേക്കും നിഹനിക്കും, അവരെ ഇല്ലാതാക്കീടും.
അവരെന്നെ വീഴ്ത്താന്‍ തള്ളി, കര്‍ത്താവെന്‍ തുണയായു് വന്നു.
കര്‍ത്താവാണെന്റെ ബലവും കീര്‍ത്തനവും എന്‍ രക്ഷകനും.
കര്‍ത്താവാണെന്റെ ബലവും കീര്‍ത്തനവും എന്‍ രക്ഷകനും.
നീതിജ്ഞരുടെ നിവാസത്തില്‍ ഉല്ലാസ ജയഘോഷങ്ങള്‍
കര്‍ത്താവിന്റെ വലതുകരം വീര്യബലം പ്രകടിപ്പിച്ചു.
കര്‍ത്താവിന്റെ വലതുകരം വീര്യബലം പ്രകടിപ്പിച്ചു.
ഞാന്‍ മൃതനാകുകയില്ലെന്നാല്‍ ജീവന്‍ പ്രാപിച്ചെന്‍ കര്‍ത്തന്‍
തന്നുടെ ചെയ്തികള്‍ നിരന്തരമായു് അനവരതം വര്‍ണ്ണിച്ചീടും.
തന്നുടെ ചെയ്തികള്‍ നിരന്തരമായു് അനവരതം വര്‍ണ്ണിച്ചീടും.
കര്‍ത്താവന്നെ അതികഠിനം ശിക്ഷിച്ചു, തന്‍ കാരുണ്യം
മൂലം മരണത്തിന്നായി എന്നെ വിട്ടുകൊടുത്തില്ല.
മൂലം മരണത്തിന്നായി എന്നെ വിട്ടുകൊടുത്തില്ല.
നീതിയിന്‍വാതില്‍ തുറന്നു തരിന്‍, ഞാനതിലേ കയറീടട്ടെ
നന്ദിയൊടെ പാടട്ടെന്റെ കര്‍ത്താവിനു ഹൃദയംഗമമായു്.
നന്ദിയൊടെ പാടട്ടെന്റെ കര്‍ത്താവിനു ഹൃദയംഗമമായു്.
കര്‍ത്താവിന്‍ വാതില്‍ ഇതു താന്‍, നയവാന്മാരിതിലേയേറും.
കര്‍ത്താവാമെന്‍ രക്ഷകനായ് പാടും നന്ദി സ്തോത്രങ്ങള്‍.
കര്‍ത്താവാമെന്‍ രക്ഷകനായ് പാടും നന്ദി സ്തോത്രങ്ങള്‍.
വീടു പണിഞ്ഞവര്‍ നിരസിച്ച കല്ലതു മൂലക്കല്ലായി.
കര്‍ത്താവിന്റെയാച്ചെയ്തി, നമ്മുടെ ദൃഷ്ടിയിലാശ്ചര്യം.
കര്‍ത്താവിന്റെയാച്ചെയ്തി, നമ്മുടെ ദൃഷ്ടിയിലാശ്ചര്യം.
കര്‍ത്താവുളവാക്കിയതാമീ ദിവസം ആഹ്ലാദിച്ചാനന്ദിക്കാം.
കര്‍ത്താ, ഞങ്ങളെ രക്ഷിക്ക, ശുഭതയുമരുളുക കര്‍ത്താവേ.
കര്‍ത്താ, ഞങ്ങളെ രക്ഷിക്ക, ശുഭതയുമരുളുക കര്‍ത്താവേ.
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നോന്‍ വാഴ്ത്തപ്പെട്ടവനാം.
ഞങ്ങള്‍ നിങ്ങള്‍ക്കരുളുന്നു, ദൈവഗേഹത്തിലെ വാഴ്വ്.
ഞങ്ങള്‍ നിങ്ങള്‍ക്കരുളുന്നു, ദൈവഗേഹത്തിലെ വാഴ്വ്.
കര്‍ത്താവുത്തമനാകുന്നു, തേജസ്സവിടന്നരുളുന്നു.
യാഗപ്പശുവിനെ ബന്ധിപ്പിന്‍ ബലിപീഠത്തിന്‍കൊമ്പുകളില്‍.
യാഗപ്പശുവിനെ ബന്ധിപ്പിന്‍ ബലിപീഠത്തിന്‍കൊമ്പുകളില്‍.
അവിടന്നാണെന്‍ ദൈവം ഞാന്‍, അങ്ങേയ്ക്കായു് നന്ദി കരേറ്റും
അവിടന്നാണെന്‍ ദൈവം ഞാന്‍, വാഴ്ത്തി പാടും അങ്ങയെ ഞാന്‍.
അവിടന്നാണെന്‍ ദൈവം ഞാന്‍, വാഴ്ത്തി പാടും അങ്ങയെ ഞാന്‍.
കര്‍ത്താവിനു സ്തോത്രം പാടിന്‍, അവിടന്നുത്തമനാണല്ലോ.
അവിടത്തെ ദയ ശാശ്വതമാം, അവിടത്തെ ദയ ശാശ്വതമാം.
അവിടത്തെ ദയ ശാശ്വതമാം, അവിടത്തെ ദയ ശാശ്വതമാം.
5-5-2016