Tuesday 18 July 2023

മലങ്കരസഭയിലെ നവീകരണ ശ്രമങ്ങളും കോനാട്ട്‌ അബ്രഹാം മല്‌പാനും പാലക്കുന്നത്തു മത്യൂസ്‌ അത്താനാസ്യോസും | പി. തോമസ്‌ പിറവം

 മലങ്കരസഭയെ നവീകരണപാതയിലേക്ക്‌ കൊണ്ടുപോകണമെന്ന ഇങ്‌ഗ്ലീഷ്‌ മിഷനറിമാരുടെ നീക്കങ്ങളെ എതിര്‍ത്തു്‌ പാരമ്പര്യ സത്യവിശ്വാസപാതയില്‍ ഉറപ്പിച്ചു നിറുത്തുവാനുള്ള യത്‌നത്തില്‍ സുപ്രധാന നേതൃത്വം നല്‍കിയ ദേഹമാണു്‌ കോനാട്ടു്‌ അബ്രഹാം മല്‌പാന്‍.

കോനാട്ടു്‌ മല്‌പാന്മാരുടെ പൂര്‍വ്വിക തറവാടു്‌ പിറവത്തിനടുത്തുള്ള മാമ്മലശ്ശേരിയിലാണു്‌. ശക്രള്ള ബാവായുടെ കീഴില്‍ അഭ്യസിച്ച കോനാട്ടു്‌ മല്‌പാന്‍ മാമ്മലശ്ശേരിയില്‍ ഒരു പഠിത്തവീടു്‌ സ്ഥാപിച്ചു.1 മുന്‍കാലത്തെ ഒരു കോനാട്ടു്‌ യാക്കോബ്‌ മല്‌പാന്‍ തിരുവാങ്കോടു്‌ പള്ളിയില്‍ കബറടങ്ങിയതായി (1766?) പറയപ്പെടുന്നു. ആറാം മാര്‍ത്തോമ്മായാണു്‌ അദ്ദേഹത്തെ അവിടേക്കു്‌ അയച്ചതു്‌. പരമഭക്തനായിരുന്ന ഈ മല്‌പാനു്‌ രോഗശാന്തിവരമുണ്ടായിരുന്നതായും കുലശേഖരപുരത്തു്‌ പേയ്‌ബാധയില്‍ നിന്നു്‌ ഒരു സ്‌ത്രീയെ സുഖപ്പെടുത്തിയതായും പറയപ്പെടുന്നു. സ്‌ത്രീയുടെ കാരണവര്‍ ഈ പുണ്യാത്മാവിനു്‌ ജ്ഞാനിയാര്‍പൊറ്റ (താപസക്കുന്ന്‌) എന്ന സ്ഥലത്തു്‌ ഒരു ദേവാലയം പണിയുവാന്‍ അഞ്ചേക്കര്‍ സ്ഥലവും നിര്‍മ്മാണത്തിനുള്ള ധനവും ഏല്‌പിച്ചു. അവിടെ മല്‌പാനു്‌ പിന്‍ഗാമിയില്ലാതെ വന്നതിനാല്‍ ദേവാലയവും സ്ഥലവും അന്യാധീനത്തിലായത്രേ.2

മാമലശ്ശേരില്‍ കോനാട്ടു്‌ ഉണ്ണിട്ടന്‍ കത്തനാരുടെ സഭാപ്രവര്‍ത്തനങ്ങളെപ്പറ്റി ആത്തുങ്കല്‍ ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ കുറുപ്പമ്പടിപ്പള്ളി ചരിത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ടു്‌.3 ലഭ്യമായ ചരിത്രത്തില്‍ കോനാട്ടു കുടുംബത്തിലെ 17-ാമതു്‌ മല്‍പ്പാന്‍ ഗീവറുഗീസ്‌ കത്തനാരുടെ (+ 1822) അനന്തരവനായ പാമ്പാക്കുട ഇട്ടഞ്ചേരില്‍ (പരീക്കമോളേല്‍) അബ്രഹാം (ഉണ്ണിട്ടന്‍) കത്തനാരുടെ കാലത്താണു്‌ കോനാട്ടു്‌ മല്‌പാന്‍ഭവനം പാമ്പാക്കുടയിലേക്കു പറിച്ചു നട്ടതു്‌.

അബ്രഹാം മല്‌പാന്റെ മുന്‍ഗാമിയുടെ മരണപത്രത്തില്‍ ഇങ്ങനെ കാണുന്നു: '... എന്റെ കുടുംബത്തില്‍ എന്റെ അനന്തരവനായിരിപ്പാന്‍ പട്ടമേല്‍പ്പിക്കുന്നതിനു്‌ യോഗ്യരായ പൈതങ്ങളില്ലാത്തതുകൊണ്ടു്‌ എന്റെ പെങ്ങളെ കെട്ടിച്ചയച്ചിരിക്കുന്ന ഇട്ടഞ്ചേരി കുടുംബത്തില്‍നിന്നു്‌ എന്റെ പെങ്ങളുടെ മകനായ നിന്നെ ഞാന്‍ ഇവിടെ കൊണ്ടുവന്നു്‌ പാര്‍പ്പിച്ചു. എന്റെ കുടുംബത്തില്‍പെട്ട ഒരു സന്തുവും തറവാട്ടുകാരനും എന്റെ പിറകാലെയുള്ള മകനുമാക്കി നിശ്ചയിച്ചിട്ടു്‌ ശമ്മാശപ്പട്ടവും കത്തനാരു പട്ടവും ഏല്‍പ്പിച്ചതുകൊണ്ടു്‌ എന്റെ പിറകാലെയുള്ള അനന്തരവനായിട്ടു്‌ കോനാട്ടു്‌ അബ്രഹാം കത്തനാരെന്നു്‌ വിളിക്കപ്പെടണമെന്നും ... താന്‍ മുഖാന്തരം തന്റെ ചേട്ടനും സന്തതിക്കും ഈ കുടുംബപ്പേരു തന്നെയായിരിക്കട്ടെ ... കോനാട്ടു കുടുംബത്തില്‍ പട്ടക്കാരനായ 17-ാമത്തവനായ ഞാന്‍ ഒന്നാമനായിട്ടു്‌ ഞാന്‍ തന്നെ ഏര്‍പ്പെടുത്തുകയും ചെയ്‌തതുപോലെ തന്റെ കുടുംബത്തിനു്‌ യോഗ്യമായ പൈതലിനെ തെരഞ്ഞെടുത്തു്‌ പഠിപ്പിച്ചു്‌ പട്ടം കൊടുപ്പിച്ചു്‌ മുടക്കം കൂടാതെ നടന്നുകൊള്ളുകയും വേണം.'4

ഈ അബ്രഹാം മല്‌പാന്‍ (1780-1865) പാമ്പാക്കുടയില്‍ മാര്‍ യോഹന്നാന്‍ ശ്ലീഹായുടെ നാമത്തില്‍ പള്ളി പണിതു്‌ മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ നിന്നു്‌ ഇടവക പിരിഞ്ഞു.

പാമ്പാക്കുട പള്ളിയുടെ ശിലാസ്ഥാപനം 1824 ഒകേടോബര്‍ 11 ന്‌ നടത്തിയതു്‌ പുന്നത്ര മാര്‍ ദീവന്നാസ്യോസ്‌ ആയിരുന്നു. അദ്ദേഹത്തിനു്‌ വട്ടിപ്പണത്തിന്റെ അഞ്ചു വര്‍ഷത്തെ പലിശ ഒന്നിച്ചു കിട്ടിയതില്‍ നിന്നു്‌ 2000 രൂപ ഈ പള്ളിപണിക്കായി നല്‍കി. ആംഗ്ലിക്കന്‍ മിഷനറിമാരായ ബേക്കര്‍, ബെയിലി, ഫെന്‍ എന്നിവരും 200 രൂപ വീതം ധനസഹായം നല്‍കി. ദേവാലയം ആങ്‌ഗ്ലിക്കന്‍ മാതൃകയില്‍ പണിയണം എന്ന താല്‌പര്യമായിരുന്നു മിഷനറിമാര്‍ക്കു്‌. പുന്നത്ര മാര്‍ ദീവന്നാസ്യോസിനു ശേഷം മലങ്കരമെത്രാനായ ചേപ്പാട്ടു്‌ മാര്‍ ദീവന്നാസ്യോസും പള്ളിപണിക്ക്‌ ധനസഹായം നല്‍കി.

പള്ളിസ്ഥാപകന്‍ 1863 ഒക്‌ടോബര്‍ 28 നു്‌ മരണമടഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തിനാണു്‌ ഇവിടത്തെ പ്രധാന പെരുന്നാള്‍ ഇപ്പോള്‍ കൊണ്ടാടുന്നതു്‌.

മാമലശ്ശേരി കോനാട്ടു്‌ ഗീവറുഗീസ്‌ മല്‌പാന്റെ കാലശേഷം അബ്രഹാം മല്‌പാനെ മലങ്കരമല്‌പാനായി പ്രഖ്യാപിച്ചതു്‌ പുന്നത്ര മാര്‍ ദീവന്നാസ്യോസു്‌ ആയിരുന്നു. ഇദ്ദേഹം കോട്ടയം സെമിനാരി അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.

ആദ്യത്തെ മലയാള വേദശാസ്‌ത്രഗ്രന്ഥം രചിച്ച പണ്ഡിതനാണ്‌ അബ്രഹാം മല്‌പാന്‍. മലയാളഭാഷയിലുള്ള ഈ രചന 1860 ലാണ്‌. വിശ്വാസം, ആചാരം, പാരമ്പര്യം, അനുഷ്‌ഠാനം തുടങ്ങിയവയെപ്പറ്റി ചോദ്യോത്തര രൂപത്തിലാണു്‌ എഴുതിയതു്‌. സുറിയാനിഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ലളിതമായ മലയാളത്തില്‍ ചേര്‍ത്തിരിക്കുന്ന ഈ ഗ്രന്ഥം മല്‌പാന്റെ ഇരുഭാഷയിലുമുള്ള പാണ്ഡിത്യത്തിന്റെ തെളിവാണു്‌. ഇദ്ദേഹം നമസ്‌കാരപ്പുസ്‌തകത്തിലെ വേദപുസ്‌തകസൂചനകള്‍ കണ്ടെത്തി ഗ്രന്ഥരൂപത്തിലാക്കിയിട്ടുമുണ്ടു്‌. നല്ല ഒരു ഗ്രന്ഥശേഖരം ഇദ്ദേഹത്തിനുണ്ടായിരുന്നു.

വൈദികവിദ്യാഭ്യാസം നല്‍കിയിരുന്ന മല്‌പാന്മാര്‍ മലയാളത്തിലേക്കു്‌ നമസ്‌കാരക്രമങ്ങളും വേദപുസ്‌തക സങ്കീര്‍ത്തനഭാഗങ്ങളും തര്‍ജ്ജമ ചെയ്‌തു്‌ ഉപയോഗിച്ചിരുന്നവ ശിഷ്യന്മാരും മറ്റും പകര്‍ത്തി അവിടവിടെ ഉപയോഗിച്ചിരുന്നുവെന്നു്‌ കരുതുവാന്‍ തക്ക തെളിവുകള്‍ ചരിത്രത്തില്‍ കാണാം. ആങ്‌ഗ്ലിക്കന്‍ മിഷനറിമാര്‍ ബുക്ക്‌ ഓഫ്‌ കോമണ്‍ പ്രെയര്‍ മലയാളത്തിലാക്കി അച്ചടിക്കുന്നതിനു മുമ്പു്‌ സെമിനാരി മല്‌പാന്മാര്‍ തര്‍ജ്ജമ ചെയ്‌ത മലയാളത്തിലുള്ള പ്രാര്‍ത്ഥനക്രമം പലയിടത്തും ഉപയോഗിക്കപ്പെട്ടിരുന്നുവെന്നാണു്‌ തോന്നുന്നതു്‌. ഇത്തരം ഒരു നമസ്‌കാരക്രമം കോനാട്ടു്‌ അബ്രാഹം മല്‌പാന്‍ സെമിനാരിയില്‍ വച്ചു്‌ 1820 ല്‍ തര്‍ജ്ജമ ചെയ്‌തു്‌ എഴുതിയുണ്ടാക്കിയതു്‌ കോനാട്ടു്‌ ഗ്രന്ഥശേഖരത്തിലുണ്ടു്‌. ഇത്തരം കൈയെഴുത്തു പ്രതികള്‍ ഭവനങ്ങളിലും ഉപയോഗിച്ചിരുന്നു. അത്തരത്തില്‍ ഒന്നു്‌ കോനാട്ടു്‌ മല്‌പാന്മാരിലൊരാളുടെ സഹോദരന്‍ ഉപയോഗിച്ചിരുന്നതും കോനാട്ടു്‌ ലൈബ്രറിയില്‍ കാണാനുണ്ടു്‌. അച്ചടി പ്രചാരത്തില്‍ വരുന്നതിനു മുമ്പു്‌ അക്ഷരജ്ഞാനമുള്ളവര്‍ പുസ്‌തകങ്ങള്‍ പകര്‍ത്തിയെഴുതിയാണല്ലോ സ്വന്തമാക്കിയിരുന്നതു്‌.

ആങ്‌ഗ്ലിക്കന്‍ മിഷനറിമാരുമായുള്ള മലങ്കരസഭയുടെ ബന്ധം പുരോഗമിക്കുമ്പോള്‍ കോനാട്ടു്‌ അബ്രഹാം മല്‌പാന്റെ സജീവസാന്നിദ്ധ്യവും ഇടപെടലും ശ്രദ്ധയില്‍ പെടും.

1816 മെയ്‌ 8 ന്‌ സി.എം.എസിലെ ആദ്യമിഷനറി റവ. തോമസ്‌ നോര്‍ട്ടന്‍ ആലപ്പുഴയില്‍ വന്നു. ജൂണ്‍ 19 നു്‌ കോട്ടയത്തും. നവമ്പറില്‍ ബെഞ്ചമിന്‍ ബെയിലി വന്നു. മലബാറിലെ പുരാതനസഭയ്‌ക്കു്‌ നാശം വരുത്തുന്നതൊന്നും ചെയ്യരുതെന്നായിരുന്നു മിഷനറിമാര്‍ക്കു്‌ സി.എം.എസ്‌. കൊടുത്ത നിര്‍ദ്ദേശം.5

മാര്‍ത്തോമ്മാ 8-ാമനു്‌ വട്ടിപ്പണത്തിന്റെ പലിശ രണ്ടാമതു്‌ നല്‍കുന്നതിനെപ്പറ്റി പുലിക്കോട്ടില്‍ റമ്പാനും പള്ളിക്കാരില്‍ ചിലരും മണ്‍റോയ്‌ക്കു്‌ 1811 ല്‍ പരാതി നല്‍കിയിരുന്നു. മലങ്കര മെത്രാനെ ഏല്‌പിക്കേണ്ട വട്ടിപ്പണത്തിന്റെ നാലു കൊല്ലത്തെ പലിശ, പുലിക്കോട്ടില്‍ റമ്പാനെ 988 /1813 മകരത്തില്‍ ഏല്‌പിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന്റെ ഭാഗമായുംകൂടിയാണല്ലോ 1815 മാര്‍ച്ച്‌ 22 ന്‌ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ മെത്രാനായതു്‌. തൊഴിയൂര്‍ പീലക്‌സീനോസ്‌ അഞ്ഞൂരു വച്ചാണു്‌ അദ്ദേഹത്തെ വാഴിച്ചതു്‌. 1816 ഫെബ്രു. 2 /991 മകരം 21 ല്‍ തത്സംബന്ധമായ വിളംബരം ഉണ്ടായി. 1816 നവ. 25 (992 വൃശ്ചി. 12) നു്‌ അദ്ദേഹം ചരമം പ്രാപിച്ചു.

തുടര്‍ന്നു്‌ മിഷനറി നോര്‍ട്ടന്‍, റസിഡണ്ട്‌ മണ്‍ട്രോയെ കണ്ടു്‌ തൊഴിയൂര്‍ പീലക്‌സീനോസ്‌ ആണു്‌ പറ്റിയ പിന്‍ഗാമി എന്നു്‌ നിര്‍ദ്ദേശിച്ചു. കത്തനാര്‍മാരുടെ പൊതുസമ്മതം ആരാഞ്ഞു്‌ വേണ്ടതു ചെയ്യുവാന്‍ റസിഡണ്ട്‌ സമ്മതിച്ചു. ഇക്കാര്യം ആലോചിക്കുവാന്‍ നോര്‍ട്ടന്‍ പീലക്‌സീനോസിനെ ആലപ്പുഴയില്‍ വിളിച്ചുവരുത്തി, മിഷനറിമാരുമായി സഹകരിച്ചുപോകുവാന്‍ വേണ്ട വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചു. അതു്‌ സമ്മതിച്ചതിനാല്‍ പീലക്‌സീനോസിനു്‌ അധികാരം നല്‍കി.

അതേത്തുടര്‍ന്നു്‌ 1817 ജനു. 7 (992 ധനു 26) ല്‍ തൊഴിയൂര്‍ കിടങ്ങന്‍ പീലക്‌സീനോസിനെ മെത്രാനായി അംഗീകരിച്ചു്‌ രാജവിളംബരം ഉണ്ടായി.

മിഷനറിമാര്‍ക്ക്‌ വേണ്ടത്ര സഹായം നല്‍കുവാന്‍ പീലക്‌സീനോസിന്‌ പ്രായാധിക്യത്താല്‍ പ്രാപ്‌തിയില്ലാത്തതിനാല്‍ അര്‍ക്കദിയാക്കോനായ പുന്നത്ര കത്തനാരെ മെത്രാനായി വാഴിച്ചു്‌ ആയാസകരമായ ജോലികള്‍ അദ്ദേഹത്തെ ഏല്‌പിക്കണമെന്നു്‌ മിഷനറിമാര്‍ ശുപാര്‍ശ ചെയ്‌തു.

993 തുലാം 7 (1817 ഒക്‌. 18) നു്‌ പുന്നത്ര (ഗീവര്‍ഗീസ്‌ / കുര്യന്‍) ദീവന്നാസ്യോസ്‌ മെത്രാനായി. (1817 ഒക്‌. എന്നു്‌ ബ്രൗണ്‍, 993 തുലാം 26 എന്നു്‌ ഇട്ടൂപ്പു്‌. 1819 /995 തുലാം എന്നു്‌ ഇ.എം. ഫിലിപ്പ്‌.) 1818/ 993 ധനു 18 നു്‌ അംഗീകാരവിളംബരം ഉണ്ടായത്രേ. 1825 മെയ്‌ 17 (1000 ഇടവം 5) നു്‌ ഇദ്ദേഹം കോളറാ മൂലം കാലം ചെയ്‌തു.

പുന്നത്ര ദീവന്നാസ്യോസും മിഷനറിമാരുമായി സൗഹാര്‍ദ്ദമായിരുന്നു. നസ്രാണി വിശ്വാസാചാരങ്ങളില്‍ ഇടപെടരുതെന്ന ധാരണ മിഷനറിമാര്‍ അന്നു്‌ മാന്യമായി പാലിച്ചിരുന്നു. മിഷനറിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കര്‍മ്മം നടത്തുവാന്‍ നസ്രാണിപ്പള്ളികളില്‍ മിഷനറിമാരെ അനുവദിച്ചിരുന്നു. (അക്കാലത്തു്‌ റോമന്‍സഭയിലെ വൈദികരെയും ഇപ്രകാരം അനുവദിച്ചിരുന്നു.) ഇതു്‌ മിഷനറി ആരാധനയോ ഉപദേശങ്ങളോ സ്വീകരിപ്പിക്കുവാനായിരുന്നില്ല. ആഗതരായ മിഷനറിമാരില്‍ ഒരാള്‍ സെമിനാരിതലവനും ഒരാള്‍ മെത്രാനോടൊപ്പം സഹമാനേജരുമായി.

പക്ഷേ, ഇപ്പോള്‍ നവീകരണസഭാവിഭാഗം പുന്നത്ര ദീവന്നാസ്യോസിന്റെ സൗഹാര്‍ദ്ദമനോഭാവത്തെ വിലയിരുത്തുന്നതു്‌ എങ്ങനെയെന്നതിനു്‌ ചില ഉദാഹരണങ്ങള്‍ നോക്കുക: 'മലങ്കരസഭയില്‍ നവീകരണത്തിന്‌ മുന്നോടിയായിരുന്നവരില്‍ എന്തുകൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നവരാണു്‌ പുന്നത്ര മാര്‍ ദീവന്നാസ്യോസും താഴത്തു്‌ പുന്നത്ര ചാണ്ടപ്പിള്ള കത്തനാരും. സഭയുടെ ദുഃഖസ്ഥിതിയെപ്പറ്റി വ്യാകുലപ്പെടുകയും ഒരളവിലെങ്കിലും ശുചീകരിച്ചു്‌ സഭയെ പുതുക്കുകയും ചെയ്യണമെന്നു്‌ അബ്രഹാം മല്‌പാനെപ്പോലെ (പാലക്കുന്നത്തു്‌) ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത മറ്റു പലരുമുണ്ടു്‌ ... പുന്നത്ര ദീവന്നാസ്യോസ്‌ അതിനായി ശ്രമിച്ച ഒരു മഹല്‍ വ്യക്തിയായിരുന്നു.'6

'മിഷനറിമാരുടെ ഉത്സാഹം മൂലം .. സഭയില്‍ നിലവിലിരുന്ന മൂഢവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും പറ്റി അനേകം വ്യക്തികള്‍ക്കു്‌ ഒരു പുതിയ ദര്‍ശനം ഉണ്ടായി. സഭയെ ശുചീകരിക്കേണ്ടതിനെപ്പറ്റി ബോധവാന്മാരായി. ഇതില്‍ മുന്‍കൈയെടുത്തതു്‌ പുന്നത്ര മാര്‍ ദീവന്നാസ്യോസ്‌ തിരുമേനിയായിരുന്നുവെന്നതു്‌ പലര്‍ക്കും അറിഞ്ഞുകൂടാ.'7

'994 വൃശ്ചികമാസത്തില്‍ കോട്ടയത്തിനു തെക്കുള്ള പള്ളികളുടെ ഒരു പ്രതിനിധിയോഗം മാവേലിക്കര വിളിച്ചുകൂട്ടുകയും ... സഭയില്‍ വന്നിട്ടുള്ള തെറ്റായ ഉപദേശങ്ങളെയും ആചാരങ്ങളെയും കുറിച്ചു്‌ ഫെന്‍ സായ്‌പു്‌ യോഗത്തില്‍ പ്രസംഗിക്കുകയുമുണ്ടായി. ഏതെല്ലാം കാര്യങ്ങളില്‍ നവീകരണം ആവശ്യമുണ്ടെന്നു്‌ ചര്‍ച്ച ചെയ്‌തു്‌ ശുപാര്‍ശ ചെയ്യുന്നതിനായി ആറു വൈദികരെ ഒരു കമ്മറ്റിയായി മെത്രാപ്പോലീത്താ നിശ്ചയിക്കുകയും ചെയ്‌തു. .. കലമണ്ണില്‍ കെ.ഇ. ഉമ്മനച്ചന്‍ പറഞ്ഞതുപോലെ നവീകരണത്തിന്റെ അടിസ്ഥാനക്കല്ലിട്ടതു്‌ എബ്രഹാം മല്‌പാനല്ല, പുന്നത്ര മാര്‍ ദീവന്നാസ്യോസ്‌ തിരുമേനിയാണെന്നു്‌ മനസ്സിലാക്കാം.'8

ഇതെല്ലാം മലങ്കരയില്‍ നവീകരണവിഭാഗം വാസ്‌തവത്തില്‍ രൂപംകൊണ്ടതിനു ശേഷമുള്ള കാലത്തു്‌ പഴയകാലസംഭവങ്ങളെ തെറ്റായി വിലയിരുത്തുന്ന രീതിക്കു്‌ ഉദാഹരണമാണെന്നല്ലാതെ യഥാര്‍ത്ഥമല്ല.

1818 ല്‍ മാവേലിക്കര പള്ളിയോഗത്തിന്റെ അദ്ധ്യക്ഷവേദിയില്‍ മെത്രാനോടൊപ്പം ബെയിലി, ഫെന്‍ എന്നീ മിഷനറിമാര്‍ ഇരുന്നു. മലങ്കരസഭയുടെ പള്ളിയോഗത്തില്‍ മുഖ്യസ്ഥാനത്തു്‌ അവരെ ഇരുത്തിയതു്‌ ആതിഥ്യമര്യാദയുടെ മകുടോദാഹരണമാണു്‌. നിര്‍ഭാഗ്യവശാല്‍ അത്തരം നടപടികള്‍ വിദേശികള്‍ കലാകാലങ്ങളില്‍ മുതലെടുത്തിട്ടുണ്ടു്‌. നസ്രാണി ആരാധനകളും കര്‍മ്മങ്ങളും വേദപുസ്‌തകാനുയോജ്യമോ എന്നു്‌ പരിശോധിച്ചു്‌ നവീകരിക്കുന്നതിനു്‌ മെത്രാനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കത്തനാര്‍സംഘത്തെ നിയോഗിക്കണമെന്നു്‌ ഫെന്‍ അവിടെ അഭിപ്രായപ്പെട്ടു. (മിഷനറിമാരില്‍ അതൃപ്‌തി വളരുകയായിരുന്നു. കന്യകമറിയാം പുരുഷനെ അറിയാത്ത നിത്യകന്യകയായിരുന്നു എന്നു്‌ മെത്രാന്‍ ശക്തിയായി വാദിച്ചതു്‌ ശരിയായിരിക്കാം എന്നു്‌ ഫെന്‍ സമ്മതിച്ചെങ്കിലും വിവാഹജീവിതത്തെക്കാള്‍ അവിവാഹജീവിതമാണ്‌ ഉത്തമമെന്നു്‌ വാദിച്ചത്‌ ഫെന്‍ സമ്മതിച്ചുകൊടുത്തില്ല എന്നു്‌ രേഖയുണ്ടു്‌.9 ഫെന്‍ വച്ച നിര്‍ദ്ദേശത്തെ കോനാട്ടു്‌ അബ്രഹാം മല്‌പാന്‍ തുറന്നു്‌ എതിര്‍ത്തു്‌ നവീകരണത്തിനെതിരേ ശക്തമായ നിലപാടെടുത്തു.

പുന്നത്ര (ഗീവര്‍ഗീസ്‌ / കുര്യന്‍) ദീവന്നാസ്യോസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ മിഷനറിമാര്‍ ചരടുവലി നടത്തിയെന്നാണു്‌ തോന്നുന്നതു്‌. (പുലിക്കോട്ടില്‍ അവര്‍ക്ക്‌ സമ്മതനായിരുന്നു. തുടര്‍ന്ന്‌ തൊഴിയൂര്‍ പീലക്‌സീനോസിനെ അംഗീകരിപ്പിക്കുന്നതിലും അവരുടെ താല്‌പര്യം കാണാം. പുന്നത്ര ദീവന്നാസ്യോസും ആദ്യം മിഷനറിമാര്‍ക്കു്‌ സമ്മതനായിരുന്നു.) മിഷനറിമാര്‍ക്കു സമ്മതനല്ലാത്ത ഒരാള്‍ പിന്‍ഗാമിയായി വരുന്നതു്‌ ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കുകയും ഒരാളെ രംഗത്തു്‌ കൊണ്ടുവരികയുമുണ്ടായി. തെക്കരും വടക്കരും ഓരോരുത്തരെ കൊണ്ടുവന്നു. സ്ഥാനാര്‍ത്ഥികള്‍ മൂന്നു പേരുണ്ടായി എന്നും, കോനാട്ടു്‌ അബ്രഹാം മല്‌പാന്‍, ചേപ്പാട്ട്‌ പീലിപ്പോസ്‌ കത്തനാര്‍, അടങ്ങപ്പുറത്തു്‌ യൗസേപ്പ്‌ കത്തനാര്‍, എരുത്തിക്കല്‍ മര്‍ക്കോസ്‌ കത്തനാര്‍ ഇങ്ങനെ നാലു പേരുണ്ടായിരുന്നുവെന്നും രേഖകളുണ്ടു്‌. പുന്നത്ര ദീവന്നാസ്യോസിന്റെ നാല്‌പതടിയന്തിരത്തിനു്‌ കോട്ടയം ചെറിയ പള്ളിയില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പു്‌. (പള്ളിക്കരയില്‍ വച്ചായിരുന്നു പള്ളിയോഗവും തെരഞ്ഞെടുപ്പും എന്നു്‌ ചിലര്‍ പറയുന്നു.) കുറിയിട്ടു്‌ തീരുമാനിക്കാമെന്നു്‌ നിശ്ചയിച്ചു്‌ കുറിയിട്ടപ്പോള്‍ ചേപ്പാട്ടു്‌ പീലിപ്പോസ്‌ കത്തനാര്‍ക്കാണു്‌ കുറി വീണതു്‌. തര്‍ക്കം മൂലം കുറിയിടല്‍ വീണ്ടും നടത്തി. ചേപ്പാടനു തന്നെ വീണ്ടും കുറി വീണു.

1825 ആഗ.27 (1001 ചിങ്ങം 15 ന്‌) ചേപ്പാട്ട്‌ പീലിപ്പോസ്‌ കത്തനാരെ ദീവന്നാസ്യോസ്‌ എന്ന പേരില്‍ മെത്രാനായി തൊഴിയൂര്‍ പീലക്‌സീനോസ്‌ വാഴിച്ചു. (വാങ്ങിപ്പു പെരുന്നാളിനു്‌ പള്ളിക്കര വച്ചായിരുന്നു വാഴ്‌ച എന്നു്‌ ചിലര്‍ പറയുന്നു.) തൊഴിയൂര്‍ പീലക്‌സീനോസിന്റെ മരണശേഷം 1004 കുംഭം 30 നു്‌ പുതിയ വിളംബരം ഉണ്ടാകുന്നതുവരെ പീലക്‌സീനോസിന്റെ സഹായി എന്ന നിലയ്‌ക്കാണു്‌ അദ്ദേഹം ഭരണം നടത്തിയതു്‌. 1829 ഫെബ്രു. 5 (1004 മകരം 5) നു്‌ തൊഴിയൂര്‍ പീലക്‌സീനോസ്‌ കാലം ചെയ്‌തു. 1004 കുംഭം 30 നു്‌ ചേപ്പാട്ട്‌ പീലിപ്പോസ്‌ ദീവന്നാസ്യോസിനെ അംഗീകരിച്ചു്‌ രാജകീയവിളംബരമുണ്ടായി.

മിഷനറിമാര്‍ക്കു്‌ വേണ്ടത്ര സഹായം നല്‍കുവാന്‍ പീലക്‌സീനോസിനു്‌ പ്രായാധിക്യത്താല്‍ പ്രാപ്‌തിയില്ല; അതിനാല്‍ അര്‍ക്കദിയാക്കോനായ പുന്നത്ര കത്തനാരെ മെത്രാനായി വാഴിച്ചു്‌ ആയാസകരമായ ജോലികള്‍ അദ്ദേഹത്തെ ഏല്‌പിക്കണമെന്നു്‌ നേരത്തേ ശുപാര്‍ശ ചെയ്‌ത മിഷനറിമാര്‍, ഒമ്പതു വര്‍ഷം കഴിഞ്ഞപ്പോള്‍, മുമ്പു്‌ അപ്രാപ്‌തനെന്നു്‌ വിലയിരുത്തിയ ആളെ സ്ഥാനത്തുതന്നെ ഇരുത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ടയാളെ സഹായിയായി ഒതുക്കിയതു്‌ എന്തുകൊണ്ടായിരിക്കാം? തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമെന്നു്‌ തോന്നാം. പക്ഷേ മിഷനറിതാല്‌പര്യം തള്ളിക്കളയാമോ? മിഷനറിമാരോടും ദീവന്നാസ്യോസിനോടും ഐക്യമില്ലാത്തവര്‍ അക്കാലത്തു്‌ സഭയില്‍ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണു്‌ മാര്‍ അത്താനാസ്യോസ്‌ അബ്ദ്‌മ്‌ശിഹ്‌ എന്ന മെത്രാന്‍ പാത്രിയര്‍ക്കീസിന്റെ നിയോഗപ്രകാരം എന്നു്‌ അവകാശപ്പെട്ടു്‌ 1000 (1825) വൃശ്ചികം 3 ന്‌ (1001 വൃശ്ചികം 3?) കൊച്ചിയില്‍ വന്നതു്‌. മാര്‍ത്തോമ്മാ 7, 8 എന്നിവരുടെ കാലത്തോ, പുലിക്കോട്ടില്‍ ദീവന്നാസ്യോസ്‌, തൊഴിയൂര്‍ പീലക്‌സീനോസ്‌, പുന്നത്ര ദീവന്നാസ്യോസ്‌ എന്നിവരുടെ കാലത്തോ ഉന്നയിക്കപ്പെടാതിരുന്ന, ശരിയായ കൈവെപ്പിന്റെയും പാത്രിയര്‍ക്കീസിന്റെ അധികാരത്തിന്റെയും പേരില്‍ പുതിയ തര്‍ക്കങ്ങള്‍ ഉണ്ടായി. മെത്രാന്മാരുടെ ചുവപ്പുകുപ്പായം വലിച്ചുകീറും; വീണ്ടും പട്ടം കൊടുക്കും എന്നെല്ലാം മാര്‍ അത്താനാസ്യോസ്‌ അവകാശപ്പെട്ടു. പാത്രിയര്‍ക്കീസിന്റെ സ്ഥാത്തിക്കോനുള്ളയാള്‍ എന്ന പ്രചാരണം ചില കോളിളക്കങ്ങള്‍ ഉണ്ടാക്കി. കോനാട്ടു്‌ അബ്രഹാം മല്‌പാനും ഇടവഴിക്കല്‍ പീലിപ്പോസ്‌ കത്തനാരും അക്കൂട്ടത്തില്‍ പെട്ടു. കണ്ടനാടു്‌, കരിങ്ങാച്ചിറ, തുടങ്ങി അഞ്ചു വടക്കന്‍ പള്ളിക്കാര്‍ അദ്ദേഹത്തെ കാണുവാന്‍ കൊച്ചിയില്‍ ചെന്നു. റസിഡണ്ടിനെ കണ്ടു്‌ നിലവിലുള്ള മെത്രാന്മാരെ നീക്കണം; തനിക്കു വിളംബരം കിട്ടണം എന്നെല്ലാം മാര്‍ അത്താനാസ്യോസ്‌ ആവശ്യപ്പെട്ടു. രണ്ടും അംഗീകരിക്കാതെ പള്ളികള്‍ സന്ദര്‍ശിക്കുന്നതിനു മാത്രം അംഗീകാരം നല്‍കി. അതനുസരിച്ചു്‌ മാര്‍ അത്താനാസ്യോസ്‌ കോട്ടയത്തെത്തി. അദ്ദേഹത്തിനും കൂടെ വന്ന റമ്പാച്ചനും കോട്ടയം സെമ്മിനാരിയില്‍ പോകുന്നതിനും ഭക്ഷണത്തിനും മറ്റുമുള്ള ചെലവു്‌ കരിങ്ങാച്ചിറ, കണ്ടനാടു്‌, മുളന്തുരുത്തി, പറവൂര്‍, കുറുപ്പമ്പടി പള്ളിക്കാര്‍ വഹിക്കണമെന്നു്‌ കോനാട്ടു്‌ അബ്രഹാം മല്‌പാനും മറ്റും നിര്‍ദ്ദേശിക്കുകയുണ്ടായി.

ഇവിടത്തെ മെത്രാന്മാരെ വിളിച്ചിട്ടു്‌ അവര്‍ വരാതിരുന്നതിനാല്‍ അവരെ അത്താനാസ്യോസ്‌ മുടക്കി. കോട്ടയത്തു നടന്ന പള്ളിക്കാരുടെ യോഗത്തില്‍ വച്ചു്‌, പീലക്‌സീനോസിനെയും ദീവന്നാസ്യോസിനെയും തിരസ്‌കരിക്കുകയും തന്നെ സ്വീകരിക്കുകയും ചെയ്യുന്ന രേഖയില്‍ പള്ളിക്കാര്‍ ഒപ്പിടണമെന്നു്‌ അത്താനാസ്യോസ്‌ നിര്‍ബ്ബന്ധിച്ചു. അതിനു വഴങ്ങാതിരുന്നവരെ അദ്ദേഹം പള്ളിയകത്തു്‌ പൂട്ടിയിട്ടു. സമ്മതിക്കാതെ പുറത്തു വിടില്ലെന്നു്‌ ശഠിച്ചു. മെത്രാപ്പോലീത്തായുടെ സഹായിയായി പാത്രിയര്‍ക്കീസ്‌ നിയോഗിച്ചയാളാണു്‌ അത്താനാസ്യോസ്‌ എന്നു്‌ സമ്മതിക്കുന്നുവെന്നു്‌ പറഞ്ഞു്‌ പള്ളിക്കാര്‍ തര്‍ക്കം രാജിയാക്കി.

പക്ഷേ, അത്താനാസ്യോസ്‌ വൈദികര്‍ക്കു്‌ പുനരായി പട്ടം കൊടുക്കുക, വിവാഹിതര്‍ക്കു്‌ പുനരായി വിവാഹകൂദാശ നടത്തുക മുതലായ നടപടികളിലേര്‍പ്പെട്ടു. വൈദികരുടെ തലയില്‍ പട്ടംവെട്ടി നിറുത്തുക, വെള്ളക്കുപ്പായം ധരിക്കുക എന്നിവ തെറ്റായ നടപടിയാണെന്നു്‌ വിധിച്ചു്‌ പട്ടംവെട്ടിയത്‌ ചിരച്ചു്‌ മക്കിത്തൊപ്പി ഇടുക, വെള്ളക്കുപ്പായത്തിനു പകരം കറുത്ത കുപ്പായം ധരിക്കുക എന്നിവ വേണമെന്നു്‌ നിര്‍ബ്ബന്ധിച്ചു.

ജനങ്ങള്‍ കാണിച്ച ഭയഭക്തികള്‍ കണ്ടു്‌ എന്തും ചെയ്‌തുകളയാമെന്ന മുഷ്‌കില്‍ സെമിനാരി ബലമായി കൈവശപ്പെടുത്തുവാന്‍ ഈ വിദേശമെത്രാന്‍ തുനിഞ്ഞു. അപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു. മിഷനറിമാരുടെ പിന്തുണയോടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ നാടുകടത്തി. തിരികെ നാട്ടില്‍ ചെന്ന അദ്ദേഹത്തെ ഇവിടെ കലഹമുണ്ടാക്കിയതിനു്‌ പാത്രിയര്‍ക്കീസ്‌ സ്ഥാനഭ്രഷ്ടനാക്കിയത്രേ. പാത്രിയര്‍ക്കീസിന്റെ സ്‌താത്തിക്കോനുമായി വന്നുവെന്നു പറഞ്ഞ ഈ മെത്രാനെ തള്ളിപ്പറയുവാന്‍ അന്നു്‌ ഇവിടത്തെ മെത്രാന്മാര്‍ ഒരുങ്ങിയതു്‌ അതു കൈയേറ്റതന്ത്രമാണെന്നു്‌ അറിയാമായിരുന്നതുകൊണ്ടാണു്‌.

വിദേശത്തു നിന്നു്‌ വന്ന ഈ അത്താനാസ്യോസില്‍ നിന്നു്‌ പുനരായി പട്ടമേറ്റ കത്തനാര്‍മാരെ സര്‍ക്കാര്‍ ശിക്ഷിച്ചു. രാജകീയാംഗീകാരമുണ്ടായിരുന്ന നാട്ടുമെത്രാനെ അവഗണിച്ചു്‌ പുനരായി പട്ടമേറ്റതിന്റെ പേരില്‍ ഭീമമായ പിഴയും തടവുമായിരുന്നു ശിക്ഷ. കോനാട്ടു്‌ അബ്രഹാം മല്‌പാനും ഇടവഴിക്കല്‍ പീലിപ്പോസ്‌ കത്തനാര്‍ക്കും 540 കലിപ്പണം വീതവും കോട്ടയം തെക്കേ തലയ്‌ക്കല്‍ കത്തനാര്‍ക്കും പാലക്കുന്നത്തു്‌ അബ്രഹാം കത്തനാര്‍ക്കും 250 കലിപ്പണം വീതവും പിഴയും പത്തു മാസം തടവും നല്‍കി.10

വിദേശികളോടുള്ള നസ്രാണികളുടെ കമ്പം മിഷനറിമാര്‍ക്കു മനസ്സിലാകുവാന്‍ ഇവയെല്ലാം ഒരവസരമായി. അത്താനാസ്യോസിന്റെ പിന്നില്‍ നിന്ന പ്രമാണികളെ മാര്‍ പീലക്‌സീനോസ്‌ വിളിച്ചുവരുത്തി തെറ്റു തിരുത്തിക്കുവാന്‍ ശ്രമിച്ചുതായി പി. ചെറിയാന്‍ എഴുതിയിട്ടുണ്ടു്‌.

തൊഴിയൂര്‍ പീലക്‌സീനോസിന്റെ മരണശേഷം മിഷനറിമാരും ചേപ്പാട്ടു്‌ മാര്‍ ദീവന്നാസ്യോസുമായി വളരെ വേഗം അകന്നു. മെത്രാനു്‌ സെമിനാരിഭരണത്തിനായി 70 രൂപ മാസം തോറും പ്രതിഫലം കൊടുത്തുവന്നതു്‌ അദ്ദേഹം മിഷനറിമാരുടെ കീഴുള്ള ഒരു സ്ഥാനിയാണെന്നു്‌ കരുതുവാന്‍ അവരെ പ്രേരിപ്പിച്ചു. നാട്ടിലെ രാജാക്കന്മാരില്‍ അവര്‍ക്കുണ്ടായിരുന്ന സ്വാധീനവും അവരുടെ അഹന്ത വര്‍ദ്ധിപ്പിച്ചു. നസ്രാണികളുടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരുത്തിക്കുവാന്‍ അതുവരെ നേരിട്ടു ശ്രമിക്കാതിരുന്നതു മണ്ടത്തരമായി; കുറ്റങ്ങളും കുറവുകളും തെളിച്ചുകാട്ടി പള്ളികളില്‍ പ്രസംഗിക്കുകയാണു്‌ ശരിയായ വഴി എന്നു്‌ നവമിഷനറിമാര്‍ ചിന്തിച്ചുതുടങ്ങി.

മിഷനറിമാര്‍ക്കു്‌ പള്ളികളില്‍ ആരാധനമദ്ധ്യേ പ്രസംഗിക്കുവാന്‍ അനുവാദമുണ്ടായിരുന്നുവല്ലോ. അവര്‍ക്കു്‌ അനാചാരമെന്നോ അന്ധവിശ്വാസമെന്നോ തോന്നുതെന്തും ആരാധനയില്‍ കണ്ടാല്‍ അപ്പോള്‍തന്നെ തിരുത്തിക്കുന്നതിനു്‌ അവര്‍ തുനിഞ്ഞു തുടങ്ങി.

അക്കൂട്ടത്തില്‍ തീവ്രവാദിയായിരുന്ന റവ. ജോസഫ്‌ പീറ്റ്‌ കോട്ടയം സെമിനാരിയിലെത്തിയതു്‌ 1833 ലാണു്‌. പ്രകോപനമുണ്ടാക്കുംവിധം അദ്ദേഹം പള്ളികളില്‍ പ്രസംഗിച്ചിരുന്നു. ആരാധനയ്‌ക്കു്‌ കുളിച്ചു ശുദ്ധമായി വരുന്ന രീതി അന്ധവിശ്വാസമായി അദ്ദേഹം കരുതിയിരുന്നു. അങ്ങനെ വരുന്നവരെ തൊട്ടു്‌ അശുദ്ധമാക്കുന്ന കുസൃതി ഇദ്ദേഹത്തിനുണ്ടായിരുന്നു.

പിറ്റ്‌ എന്ന മിഷനറിയുടെ നവീകരണോപദേശങ്ങള്‍ക്കതിരേ കോനാട്ടു്‌ അബ്രഹാം മല്‌പാന്‍ പ്രസംഗിച്ചിരുന്നു. കന്യാസ്‌ത്രിയമ്മ യേശുവിന്റെ ജനന ശേഷം പ്രസവിച്ചുവെന്നു്‌ ഒരു ഞായറാഴ്‌ച സെമിനാരിയില്‍ റവ. പീറ്റ്‌ അനേക യുക്തികള്‍ കൊണ്ടു്‌ തെളിയിക്കുവാന്‍ ശ്രമിച്ചു. കേള്‍വിക്കാര്‍ക്കു്‌ അതേറെ ദുസ്സഹമായി. പ്രസംഗം കഴിഞ്ഞു്‌ അദ്ദേഹം വള്ളം കയറി താമസസ്ഥലത്തേക്കു പോയി. അല്‌പം കഴിഞ്ഞ്‌ ഏതോ കാരണത്താല്‍ അദ്ദേഹം തിരികെ വരുമ്പോള്‍ കോനാട്ടു്‌ അബ്രഹാം മല്‌പാന്‍ മിഷനറിയുടെ യുക്തികളെ ഖണ്ഡിച്ചു്‌ പ്രസംഗിക്കുന്നതും കേള്‍വിക്കാര്‍ താല്‌പര്യത്തോടെ ശ്രദ്ധിക്കുന്നതും കണ്ടു. കോപിഷ്ടനായ പീറ്റ്‌ അകത്തു ചെന്നു്‌ ഒന്നുകില്‍ മല്‌പാനിവിടെ, അല്ലെങ്കില്‍ ഞാനിവിടെ എന്നു്‌ പറഞ്ഞുവത്രേ. അന്നുതന്നെ മല്‌പാനെ സെമിനാരിയില്‍ നിന്നു്‌ പുറത്താക്കി.

മിഷനറിമാരുടെ ഹുങ്കിന്‌ ഉദാഹരണമായി ജോര്‍ജ്ജ്‌ വറുഗീസ്‌, മദ്രാസ്‌ എഴുതിയ മാത്യൂസ്‌ അത്താനാസ്യോസ്‌ ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ടു്‌. 1845 ല്‍ പീറ്റ്‌ സായ്‌പു്‌ മാവേലിക്കര ആറാട്ടുകടവില്‍ സി.എം.എസ്‌. പള്ളി പണിയിക്കുകയായിരുന്നു. വടക്കന്‍ തിരുവിതാംകൂറില്‍നിന്നു്‌ തിരുവനന്തപുരം സര്‍ക്കാര്‍ ഖജനാവിലേക്കു്‌ മാസം തോറും പണം മുദ്ര വച്ച 'കലശക്കുട'ങ്ങളില്‍ അധികാരികളുടെയും സായുധസൈനികരുടെയും അകമ്പടിയോടെ ചുമട്ടുകാര്‍ സംഘമായി കൊണ്ടുപോകുമായിരുന്നു. ഓരോ പോലീസ്‌ ഠാണാവുകളിലും കൃത്യസമയത്തു്‌ ഹാജരു വച്ചു്‌ ക്ലിപ്‌തനേരത്തു്‌ തിരുവനന്തപുരത്തു്‌ അവ എത്തിക്കേണ്ടിയിരുന്നു. വീഴ്‌ച വന്നാല്‍ കര്‍ശനമായ അന്വേഷണവും ശിക്ഷയും ഉറപ്പായിരുന്നു. പീറ്റ്‌ സായ്‌പിന്റെ പള്ളിപണിക്കാര്‍ക്കു്‌ കൂലികൊടുക്കുന്നതിനുള്ള പണം വന്നുചേരുന്നതിനു്‌ താമസം വന്നതിനാല്‍ കൂലി കൊടുക്കുവാനാകാതെ വിഷമിച്ചിരിക്കുമ്പോഴാണു്‌ മാവേലിക്കര താവളത്തില്‍ പണം എത്തിക്കേണ്ട കലശച്ചുമട്ടുകാര്‍ ആറാട്ടുകടവിലെത്തിയതു്‌. അദ്ദേഹം പണച്ചുമടുകള്‍ താഴെ വയ്‌ക്കുവാന്‍ ആജ്ഞാപിച്ചു. മേല്‍നോട്ടക്കാരായ ഉദ്യോഗസ്ഥര്‍ സംഭ്രമിച്ചു. സായ്‌പിന്റെ കൈയേറ്റം തടഞ്ഞാല്‍ തങ്ങളെ ആരും സഹായിക്കാനുണ്ടാകയില്ലെന്നും തടയാതിരുന്നാല്‍ സര്‍വ്വസ്വത്തുക്കളും കണ്ടുകെട്ടുമെന്നും ജയില്‍ശിക്ഷ ഉറപ്പാണെന്നും തീര്‍ച്ചയാണു്‌. മാവേലിക്കര ഠാണാവില്‍ ഹാജരു കൊടുത്ത ശേഷം എതുവിധവും പ്രവര്‍ത്തിച്ചുകൊള്ളുവാന്‍ അവര്‍ കേണപേക്ഷിച്ചതു്‌ അദ്ദേഹം ചെവിക്കൊണ്ടില്ല. ഓരോ കുടത്തിലെയും തുക ചോദിച്ചറിഞ്ഞ ശേഷം 1500 രൂപായുടെ ഒരു കലശമെടുത്തു്‌ മുദ്ര പൊട്ടിച്ചു്‌ പണമെടുത്തിട്ടു്‌ അത്യാവശ്യത്താല്‍ തുക താന്‍ എടുത്തിരിരിക്കുന്നുവെന്നും തുക ബ്രിട്ടീഷ്‌ ഗവണ്മെന്റിലേക്കു്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അടക്കേണ്ട കപ്പത്തില്‍ വകവച്ചതായി റസിഡണ്ടിനെക്കൊണ്ടു്‌ സമ്മതിപ്പിച്ചുകൊള്ളാമെന്നും ഒരു കുറിപ്പെഴുതി ഒപ്പിട്ടു്‌ കലശക്കുടത്തിലിട്ടു്‌ സംഘത്തെ പറഞ്ഞയച്ചു. മാവേലിക്കര മണ്ഡപത്തുംവാതില്‌ക്കല്‍നിന്നും വിവരങ്ങള്‍ എഴുതിപ്പോയതല്ലാതെ ഒരു നടപടിയും മിഷനറിക്കെതിരേ ഉണ്ടായില്ലത്രേ.11

സുറിയാനിസമുദായത്തില്‍ മറ്റൊരു സുറിയാനിസമുദായത്തെ സൃഷ്ടിക്കുന്നതിനായിരുന്നു റവ.ജോസഫ്‌ പീറ്റ്‌ ശ്രമിച്ചതെന്നു്‌ ജോര്‍ജ്ജ്‌ വറുഗീസ്‌, മദ്രാസ്‌ എഴുതിയിട്ടുണ്ടു്‌.12 അന്നു്‌ മിഷനറിമാര്‍ക്കു്‌ റസിഡണ്ടിന്റെയും ഗവര്‍ണര്‍മാരുടെയും മേല്‍ വലിയ നിയന്ത്രണം ഉണ്ടായിരുന്നു. നാട്ടുരാജാക്കന്മാര്‍ക്കും ദിവാന്മാര്‍ക്കും മിഷനറിമാരുടെ താല്‌പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമായിരുന്നില്ല. മിഷനറിമാര്‍ ഇടപെട്ട കാര്യങ്ങളില്‍ അവരുടെ ഭാഗത്തിനനുകൂലമായല്ലാതെ നീതി നടത്തിക്കിട്ടുവാന്‍ മാര്‍ഗ്ഗമില്ലായിരുന്ന കാലത്താണ്‌ സുറിയാനിസഭയ്‌ക്ക്‌ അവരോടു സംബന്ധം വിച്ഛേദിക്കേണ്ടിവന്നതു്‌.

ഇപ്രകാരം കലുഷിതമായ നേരത്താണു്‌ കല്‍ക്കത്താബിഷപ്പ്‌ വിത്സണ്‍ 1835 നവമ്പറില്‍ ഇവിടെ വന്നതു്‌. നസ്രാണികളുടെ അനാചാരങ്ങള്‍ അവര്‍തന്നെ പരിഹരിക്കുവാനും മിഷന്‍പ്രവര്‍ത്തനത്തിനു സഹായകരമായ മാര്‍ഗ്ഗം ഉണ്ടാകുവാനും ശ്രമിക്കണമെന്നു്‌ ബിഷപ്പ്‌ തീരുമാനിച്ചു. മിഷനറി ബെയിലിയുടെ വസതിയില്‍ റസിഡണ്ടിന്റെ അസിസ്റ്റന്റിന്റെ സാന്നിദ്ധ്യത്തില്‍ മെത്രാനും ഉപദേഷ്ടാക്കളുമായും കൂടിക്കണ്ടു്‌ സഭയില്‍ ഉടനെ വരുത്തേണ്ട ആറിന പരിഷ്‌കാരങ്ങള്‍ ബിഷപ്പ്‌ നിര്‍ദ്ദേശിച്ചു. 1. മെത്രാന്‍ സെമിനാരിപഠനം കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കേ കശ്ശീശാപ്പട്ടം കൊടുക്കാവൂ. 2. പള്ളികളിലെ കണക്കു്‌ ഓഡിറ്റിനായി ബ്രിട്ടീഷ്‌ റസിഡണ്ടിനു നല്‍കണം. 3. പട്ടക്കാര്‍ക്കു്‌ മാന്യമായ ജീവിതവരുമാനമാര്‍ഗ്ഗമുണ്ടാക്കണം. മരിച്ചവര്‍ക്കു വേണ്ടിയുള്ള കര്‍മ്മത്തില്‍നിന്നുള്ള അനിശ്ചിത വരുമാനമാര്‍ഗ്ഗത്തിനു പകരം ഒരു സ്ഥിരഫണ്ട്‌ ഏര്‍പ്പെടുത്തണം. 4. കഴിവനുസരിച്ച്‌ എല്ലാ പള്ളികളിലും വിദ്യാലയങ്ങള്‍ തുടങ്ങണം. 5. സി.എം.എസുകാരെപ്പോലെ ഞായറാഴ്‌ച വൈദികര്‍ സുവിശേഷം മലയാളത്തില്‍ വ്യാഖ്യാനിച്ചുകൊടുക്കണം. 6. ജനങ്ങള്‍ക്ക്‌ സുറിയാനി അറിവില്ലാത്തതിനാല്‍ ഹസ്ര്വമായ തക്‌സാ ഉണ്ടാക്കി മലയാളത്തില്‍ ആരാധന നടത്തണം.

മിതഭാഷയില്‍ സൗമ്യമായാണു്‌ വ്യവസ്ഥകള്‍ വച്ചതെങ്കിലും അതിന്റെ പിമ്പിലെ നിഗൂഢലക്ഷ്യവും ബ്രിട്ടീഷ്‌ കോയ്‌മയുടെ സമ്മര്‍ദ്ദത്തിന്റെ ശക്തിപ്രകടനവും വ്യക്തമായിരുന്നു. മാര്‍ അത്താനാസ്യോസിനെ നാടുകടത്തിയതില്‍ അതു പ്രകടമായിരുന്നല്ലോ. അതുകൊണ്ടു്‌ ഇക്കാര്യങ്ങള്‍ പട്ടക്കാരുമായി ആലോചിക്കാമെന്നു്‌ മെത്രാന്‍ മറുപടി കൊടുത്തു.

പ്രത്യക്ഷത്തില്‍ ആകര്‍ഷകമായ ഈ വ്യവസ്ഥകള്‍ ഇരുകൂട്ടരുമായുള്ള അകല്‍ച്ച പരിഹരിക്കാനുതകിയില്ല. മെത്രാന്‍ പ്രതിഫലം വാങ്ങി പട്ടംകൊടുക്കുന്നുണ്ടു്‌; അതുകൊണ്ടു്‌ തങ്ങള്‍ യോഗ്യരെന്നു്‌ പറയുന്നവര്‍ക്കു മാത്രമേ പട്ടം കൊടുക്കാവൂ എന്നായിരുന്നു മിഷനറിമാരുടെ ലാക്കു്‌. മെത്രാന്റെ അധികാരത്തില്‍ മിഷനറിമാരുടെ നിയന്ത്രണത്തിനുള്ളതാണു്‌ നിര്‍ദ്ദേശമെന്നു്‌ വ്യക്തമായിരുന്നു. പള്ളിപ്പണം ധൂര്‍ത്തടിക്കുന്നതു്‌ ഒഴിവാക്കണമെന്നും മിഷനറിമാര്‍ കരുതി. എവിടെനിന്നോ വന്നവര്‍ തങ്ങളുടെ മേല്‍വിചാരകരാകുന്നതു്‌ നസ്രാണിക്കു്‌ പത്ഥ്യമായില്ല. കുര്‍ബ്ബാനപ്പണത്തിനു പകരം കത്തനാര്‍മാര്‍ക്കു്‌ ശമ്പളവ്യവസ്ഥ ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ക്ലിപ്‌തവേതനത്തോടു്‌ തൃപ്‌തിയില്ലാത്ത പട്ടക്കാരെ ആകര്‍ഷിച്ചില്ല. മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന നടപടി ഇല്ലാതാക്കുവാനുള്ള വളഞ്ഞവഴിയായി അതു മെത്രാനും പട്ടക്കാരും തിരിച്ചറിഞ്ഞു.

നിര്‍ദ്ദേശങ്ങളില്‍ ഒന്നുംതന്നെ മിഷനറിമാരെ ബാധിക്കുന്നതായിരുന്നില്ല. തുടക്കത്തിലുണ്ടായിരുന്ന അവരുടെ ഉള്ളിലിരിപ്പു്‌ എന്തായിരുന്നാലും ആദ്യകാലത്തെ, നസ്രാണികളുടെ ആചാരാനുഷ്‌ഠാനങ്ങള്‍ക്കു്‌ നാശം വരുത്തുന്നതൊന്നും മിഷനറിമാര്‍ ചെയ്‌തുകൂടെന്നുള്ള പ്രഖ്യാപനത്തില്‍ നിന്നു്‌ അവര്‍ പിന്മാറിയതിനെപ്പറ്റി ഒന്നുംതന്നെ നിര്‍ദ്ദേശങ്ങളിലുണ്ടായിരുന്നില്ല.

ഈ പരിതസ്ഥിതിയിലാണു്‌ മാവേലിക്കര സുന്നഹദോസ്‌ 1836 ജനുവരി 16 (1011 മകരം 5) നു്‌ കൂടിയതു്‌. ചേപ്പാട്‌ മാര്‍ ദീവന്നാസ്യോസ്‌, തൊഴിയൂര്‍ മാര്‍ കൂറീലോസ്‌ എന്നിവരും തെക്കും വടക്കും നിന്നുള്ള വൈദികരും പള്ളിപ്രതിപുരുഷന്മാരും അതില്‍ സംബന്ധിച്ചു.

ആ യോഗം അംഗീകരിച്ച പടിയോല ബിഷപ്പ്‌ വിത്സന്റെ നിര്‍ദ്ദേശങ്ങള്‍ നസ്രാണികള്‍ നിരാകരിച്ച രേഖയാണു്‌. അന്ത്യോഖ്യയുടെ പാത്രിയര്‍ക്കീസിന്റെ വാഴ്‌ചക്കീഴു്‌ ഉള്‍പ്പെട്ടവരും അദ്ദേഹത്തിന്റെ കല്‌പനയാല്‍ അയയ്‌ക്കപ്പെട്ട മേല്‌പട്ടക്കാരാല്‍ നടത്തപ്പെട്ട പള്ളിക്രമങ്ങളും ചട്ടങ്ങളും അനുസരിച്ച്‌ നടന്നുവരുന്നതുമായ യാക്കോബായ സുറിയാനിക്കാരായ നമ്മുടെ പള്ളികളില്‍ ആയതിനു വ്യത്യാസം വരുത്തുകയില്ല. ഒരു മതക്കാരുടെ പള്ളികളില്‍ മറ്റു മതക്കാര്‍ അറിയിക്കയും പഠിപ്പിക്കുകയും ചെയ്യുവാന്‍ അധികാരമില്ല. പാത്രിയര്‍ക്കീസിന്റെ കല്‌പനയാല്‍ അയയ്‌ക്കപ്പെട്ട മേല്‌പട്ടക്കാരുടെ സഹായത്താലും ഇടവകജനങ്ങളുടെ മനസ്സാലും പണിയിക്കപ്പെട്ട പള്ളികളിലെ നടവരവുകളുടെ കണക്കു്‌ മറ്റു ദിക്കുകളില്‍ നടന്നുവരുന്നപോലെ നമ്മുടെ മേല്‌പട്ടക്കാരെ കേള്‍പ്പിക്കുന്നപ്രകാരമല്ലാതെ വ്യത്യാസമായി നടക്കുന്നതിനും നടത്തിക്കുന്നതിനും സമ്മതമല്ല. മെത്രാപ്പോലീത്തായെ ബോധിപ്പിക്കാതെ മിഷനറിമാര്‍ സെമിനാരിക്കാര്യങ്ങള്‍ നടത്തുന്നതും മെത്രാന്‍ രസീതു കൊടുത്തു വാകൂന്ന വട്ടിപ്പണപ്പലിശ അവര്‍ തന്നിഷ്ടംപോലെ കൈകാര്യം ചെയ്യുന്നതും ഛിദ്രങ്ങള്‍ ഉണ്ടാക്കുന്നതും ശരിയല്ല. സുറിയാനിക്കാരുടെ പഠിത്തത്തിലും ക്രമവിശ്വാസത്തിലുമല്ലാതെ വേറൊന്നും അനുസരിക്കുകയില്ല എന്നിങ്ങനെയെല്ലാം പടിയോല പ്രഖ്യാപനം ചെയ്‌തു.

അന്ത്യോഖ്യാപാത്രിയര്‍ക്കീസിന്റെ വാഴ്‌ചക്കീഴായിരുന്നു മലങ്കരസഭ എന്ന പടിയോലപ്രഖ്യാപനം ചരിത്രപരമായി തെറ്റായിരുന്നു. എന്നാല്‍ മിഷനറിതാല്‌പര്യങ്ങളോടെതിരിടുവാന്‍ ആ പ്രഖ്യാപനം അന്നത്തെ പരിതസ്ഥിതിയില്‍ ഒരു കച്ചിത്തുരുമ്പായിരുന്നു. തൊട്ടു മുമ്പു്‌ പാത്രിയര്‍ക്കീസിന്റെ സ്ഥാത്തിക്കോനുമായി വന്നുവെന്നു്‌ പറഞ്ഞ മാര്‍ അത്താനാസ്യോസിനെ നാടുകടത്തിയിരുന്നല്ലോ. യാക്കോബായ എന്ന പദപ്രയോഗം റോമന്‍കത്തോലിക്കര്‍ മലങ്കരസഭയെ അധിക്ഷേപിക്കുവാന്‍ ആദ്യം ഉപയോഗിച്ചതാണു്‌. പുത്തന്‍കൂറ്റുകാര്‍ എന്നായിരുന്നു മറ്റൊരു അധിക്ഷേപം. കാലത്തിന്റെ കുത്തൊഴുക്കില്‍ സമൂഹം അതു്‌ ഏറ്റുപാടുകയും ഒടുവില്‍ ഈ രേഖയില്‍ സഭ സ്വയം യാക്കോബായ എന്നു്‌ വ്യവഹരിക്കുകയും ചെയ്‌തിരിക്കുന്നു. നേതൃത്വപദവികളില്‍ എത്തിപ്പെടുന്നവരുടെ അജ്ഞതയും ദീര്‍ഘവീക്ഷണമില്ലായ്‌മയും മുട്ടുശാന്തിക്രിയകളും ദോഷം വരുത്തുന്നതിന്റെ ഉദാഹരണമായി ഇതിനെ കരുതാം.

ബിഷപ്പ്‌ ഡാനിയല്‍ വിത്സന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ മാവേലിക്കര പടിയോല, 1816 ല്‍ കേണല്‍ മണ്‍ട്രോ മുഖാന്തരം പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസും (ഒന്നാമന്‍) റവ. തോമസ്‌ നോര്‍ട്ടനുമായി ഉണ്ടാക്കിയ ബന്ധം അവസാനിപ്പിച്ച രേഖയാണ്‌. ഈ തീരുമാനത്തിനു ശേഷമാണ്‌ മെത്രാന്റെയും മിഷനറിയുടെയും പൂട്ടില്‍ ആയിരുന്ന നസ്രാണികളുടെ ചെപ്പേടുകളും ആധാരങ്ങളും മറ്റു രേഖകളും മെത്രാന്‍ ചെറിയ പള്ളിയില്‍ പോയ തക്കത്തിനു്‌ മിഷനറി പീറ്റ്‌ താഴു പൊളിച്ചു്‌ കൈവശപ്പെടുത്തിയതു്‌. ഭരണകേന്ദ്രത്തിലെ സ്വാധീനത്തിന്റെ ഹുങ്കാണു്‌ അതിനു ധൈര്യം നല്‍കിയതെന്നതിനു്‌ സംശയം വേണ്ടല്ലോ. മെത്രാന്‍ പണം വാങ്ങിക്കൊണ്ടു്‌ പട്ടം കൊടുക്കുന്നു; വേദപുസ്‌തകത്തിനും കാനോനുകള്‍ക്കും എതിരായി പള്ളികളില്‍നിന്നു്‌ പല വിധത്തില്‍ പണം വാകൂന്നു; പള്ളികളില്‍ വഴക്കുണ്ടാക്കുന്നു; സര്‍ക്കാര്‍തലത്തില്‍ തീരുമാനം ചെയ്യേണ്ട കാര്യങ്ങളില്‍ അനധികൃതമായി ഇടപെട്ട്‌ ദ്രവ്യലാഭം ഉണ്ടാക്കുന്നു; അതിനാല്‍ മെത്രാനെ മാറ്റിക്കിട്ടണമെന്നു്‌ പാലക്കുന്നത്തു്‌ അബ്രഹാം മല്‌പാന്‍, കൈതയില്‍ ഗീവറുഗീസ്‌ കത്തനാര്‍ ആദിയായവര്‍ 1836 ല്‍ (1012 ചിങ്ങം 21) റസിഡണ്ടിനു്‌ പരാതി കൊടുത്തു. 1837 മാര്‍ച്ച്‌ 9 നു്‌ മിഷനറിമാര്‍ മല്ലപ്പിള്ളിയില്‍ സ്വന്തമായി പള്ളി സ്ഥാപിച്ചു. അതോടെ നസ്രാണികളുടെ പള്ളികളില്‍ പ്രസംഗിക്കുന്നതിനു്‌ മിഷനറിമാര്‍ക്കു നല്‌കിയിരുന്ന അനുവാദം മെത്രാന്‍ പിന്‍വലിച്ചു്‌ കല്‌പന പുറപ്പെടുവിക്കയും ചെയ്‌തു.

പാലക്കുന്നത്തു്‌ മാത്യൂസ്‌ അത്താനാസ്യോസ്‌ കൊച്ചിയില്‍ വന്നുചേര്‍ന്നപ്പോള്‍ (1018 ഇടവം 3/1843 മാര്‍ച്ച്‌) കോനാട്ടു്‌ അബ്രഹാം മല്‌പാന്‍ പോയി കാണുകയും സ്ഥാത്തിക്കോന്‍ വായിച്ചു്‌ പരിശോധിക്കുകയും അതില്‍, നിങ്ങളില്‍ നിന്നു്‌ 'മത്തായി കശ്ശീശാ' ഞങ്ങള്‍ക്കടുത്തു എന്നതു കണ്ടതിലുള്ള പൊരുത്തക്കേടു്‌ നിരണത്തു്‌ പോയി ചേപ്പാട്‌ മാര്‍ ദീവന്നാസ്യോസിനെ അറിയിക്കയും അദ്ദേഹം പള്ളിയോഗം വിളിക്കുകയും ചെയ്‌തു.13

മത്യൂസ്‌ അത്താനാസ്യോസിനെ മെത്രാനായി ജനങ്ങള്‍ സ്വീകരിക്കാനിടയുണ്ടു്‌; എന്നാല്‍ മതപരിഷ്‌കാരം തുടങ്ങിയാല്‍ അതു സാധിക്കയില്ലെന്നു്‌ കോനാട്ടു്‌ അബ്രഹാം മല്‌പാന്‍ ആദ്യമേതന്നെ ഉപദേശിച്ചതായി മത്യൂസ്‌ അത്താനാസ്യോസിന്റെ ജീവചരിത്രകാരന്‍ സൂചിപ്പിച്ചിട്ടുമുണ്ടു്‌.14

ഇടവഴിക്കല്‍ പീലിപ്പോസ്‌ കത്തനാരും കോനാട്ടു മല്‌പാനും അക്കാലത്തു്‌ രമ്യതയിലല്ലായിരുന്നു; ചേപ്പാടു്‌ ദീവന്നാസ്യോസിനോടു്‌ ഇരുവര്‍ക്കും വൈരമുണ്ടായിരുന്നു; പുതിയ മെത്രാനോടു്‌ അടുത്തുകൂടി അദ്ദേഹത്തെ ആയുധമാക്കി ചേപ്പാട്ട്‌ ദീവന്നാസ്യോസിനോടു്‌ എതിരിടണമെന്നു്‌ വച്ചു്‌ കോനാട്ടു്‌ അബ്രഹാം മല്‌പാനും സഖാക്കളും കൊച്ചിയില്‍ എത്തിയിരുന്നു എന്നെല്ലാം മാത്യൂസ്‌ അത്താനാസ്യോസിന്റെ ജീവചരിത്രകാരന്‍ ശ്രീ ജെ. വറുഗീസ്‌ എഴുതിയിട്ടുണ്ടു്‌.15 കോനാട്ടു്‌ മല്‌പാനും വടക്കുള്ള ശ്രേഷ്‌ഠരായ ചില പട്ടക്കാരും ഉപദേശിച്ച പ്രകാരം പാലക്കുന്നത്തു്‌ മെത്രാന്‍ മാര്‍ ദീവന്നാസ്യോസിനെ പോയി കണ്ടു. സ്ഥാത്തിക്കോന്‍ വായിച്ചു കേള്‍ക്കുന്നതിനു്‌ നിരണത്തു വിളിച്ച പള്ളിയോഗം ഇടവഴിക്കല്‍ കത്തനാര്‍ കൗശലപൂര്‍വ്വം കലക്കി എന്നൊക്കെ ജീവചരിത്രകാരന്‍ സൂചിപ്പിക്കുന്നു. സ്ഥാത്തിക്കോന്‍ അപഹരിക്കാന്‍ ശ്രമിക്കണമെന്നു്‌ അദ്ദേഹം പലരെയും കൂട്ടി ആലോചിച്ചത്രേ. പിന്നീട്‌ കണ്ടനാടു്‌യോഗത്തിനു മുമ്പായി സ്ഥാത്തിക്കോന്‍ വായിച്ചു നോക്കാന്‍ കൊടുത്തയയ്‌ക്കണമെന്ന മാര്‍ ദീവന്നാസ്യോസിന്റെ ആവശ്യം, പരസ്യമായി വായിക്കുവാനല്ലാതെ കൊടുത്തയയ്‌ക്കുവാന്‍ നിവൃത്തിയില്ലെന്നു്‌ പറഞ്ഞു്‌ പാലക്കുന്നത്തു്‌ മെത്രാന്‍ നിരസിച്ചുവത്രേ.16 അതേ ചരിത്രകാരന്‍തന്നെ, കോനാട്ടു്‌ മല്‌പാന്‍ മുതലായവരുടെ ജഡമയമായ ആലോചനയ്‌ക്കു വഴിപ്പെട്ടു്‌ (ആരാധനക്രമ) പരിഷ്‌കാരത്തിനു്‌ പൂര്‍ണ്ണമായി വഴിപ്പെടാതെ മട്ടാഞ്ചേരിപ്പള്ളിയില്‍ വച്ചു്‌ ശുശ്രൂഷ നടത്തിയതിലുള്ള പാലക്കുന്നത്തു്‌ അബ്രഹാം മല്‌പാന്റെ വ്യാകുലത്തെക്കുറിച്ചും എഴുതി.17 ജീവചരിത്രകാരന്‍ പരസ്‌പരവിരുദ്ധമായി എഴുതിയെന്നതു്‌ വ്യക്തമാണല്ലോ. പാലക്കുന്നത്തു്‌ മെത്രാന്റെ വരവില്‍ത്തന്നെ കോനാട്ടു്‌ മല്‌പാന്‍ സ്ഥാത്തിക്കോന്‍ കണ്ടുവെന്ന സത്യം കല്ലൂങ്കത്ര പടിയോല ശരി വയ്‌ക്കുന്നുണ്ടു്‌.18 കണ്ടനാടു്‌യോഗം (1019 ചിങ്ങം 3) സ്‌താത്തിക്കോന്‍ വായിക്കാനിടയാകാതെയും പാലക്കുന്നത്തു മെത്രാനെ അംഗീകരിക്കാതെയും പിരിയുകയായിരുന്നല്ലോ.

പാലക്കുന്നത്ത്‌ മെത്രാനെതിരേയുള്ള നീക്കങ്ങളുടെ ഭാഗമായി വന്നുചേര്‍ന്ന (1024 കുംഭം /1849) സ്‌തേഫാനോസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാനുമായും കോനാട്ടു്‌ അബ്രഹാം മല്‌പാന്‍ ഇടവഴിക്കല്‍ പീലിപ്പോസ്‌ കത്തനാരോടൊപ്പം കൊച്ചിയില്‍ വച്ചു്‌ ബന്ധപ്പെടുകയും സഭാസ്ഥിതിഗതികള്‍ ധരിപ്പിക്കുകയുമുണ്ടായി. മദിരാശിയില്‍ ആവലാതിപ്പെട്ടു്‌ പരിഹാരത്തിനു ശ്രമിക്കാമെന്നു്‌ മാര്‍ അത്താനാസ്യോസ്‌ പറഞ്ഞു.19

മത്യൂസ്‌ അത്താനാസ്യോസ്‌ നവീകരണാശയങ്ങളോടു്‌ ഒട്ടും അടുപ്പം കാണിച്ചിരുന്നില്ല; മരണപര്യന്തം അദ്ദേഹം സ്‌തുതി ചൊവ്വാക്കപ്പെട്ട വിശ്വാസത്തില്‍ ഉറച്ചു നിന്നിരുന്നു എന്നെല്ലാം എം.ഓ.സി. പബ്ലിക്കേഷന്‍സിന്റെ മാത്യൂസ്‌ അത്താനാസ്യോസ്‌ എന്ന കൃതിയില്‍ ഏറെ പുറങ്ങളില്‍ ആവര്‍ത്തിച്ചു പ്രതിപാദിച്ചിട്ടുള്ളള്ളതു്‌ മിതമായി പറഞ്ഞാല്‍ കണ്ണടച്ചിരുട്ടാക്കുന്ന സൂത്രമാണു്‌. കുര്‍ബ്ബാനയില്‍ അധികഭാഗവും മലയാളത്തില്‍ തര്‍ജ്ജമ ചെയ്‌തു എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആകക്കൂടിയുള്ള പരിഷ്‌കാരം എന്നും20 അതില്‍ എഴുതിയതു്‌ ഏതോ നിക്ഷിപ്‌തതാല്‍പ്പര്യം കൊണ്ടായിരിക്കണം. യാഥാര്‍ത്ഥ്യം അതല്ലെന്നു്‌ മാത്യൂസ്‌ അത്താനാസ്യോസ്‌ പ്രസിദ്ധം ചെയ്‌തിട്ടുള്ള നമസ്‌കാരക്രമം, കുര്‍ബ്ബാനക്രമം എന്നിവയില്‍ നിന്നു്‌ സ്‌പഷ്ടമാണു്‌. കന്യകമറിയാമിനോടുള്ള അപേക്ഷ, വാങ്ങിപ്പോയവര്‍ക്കു വേണ്ടിയുള്ള അപേക്ഷ ഇത്യാദി ഭാഗങ്ങളില്‍ നവീകരണാശയങ്ങള്‍ക്കനുസരണം തിരുത്തലുകള്‍ വരുത്തിയിരുന്നു. 1031 ല്‍ കൃപ നിറഞ്ഞ മറിയമേ എന്ന അപേക്ഷ ഇല്ലാത്ത നമസ്‌കാരപ്പുസ്‌തകം മത്യൂസ്‌ അത്താനാസ്യോസ്‌ സെമിനാരി പ്രസില്‍ അച്ചടിച്ചു. അതുകൊണ്ടു്‌ പുലിക്കോട്ടില്‍ യൗസേഫ്‌ കത്തനാര്‍ ശരിയായ നമസ്‌കാരക്രമം കോഴിക്കോട്ടുനിന്നു്‌ കല്ലച്ചില്‍ അച്ചടിപ്പിച്ചു്‌ വിതരണം ചെയ്യുകയുണ്ടായി.21

നവീകരണശ്രമങ്ങളില്‍ പാലക്കുന്നത്തു മെത്രാന്‍ ഉത്സാഹിച്ചതായി റവ. സി.ഇ. എബ്രഹാം എഴുതിയിട്ടുണ്ടു്‌.22 മൂസല്‍ ഇടവകയില്‍ മത്യൂസ്‌ അത്താനാസ്യോസ്‌ പരിഷ്‌കാരനടപടികള്‍ നടത്തിയതായും അതിനാല്‍ മൂസല്‍ ഇടവകയില്‍ നിന്നു്‌ പരാതിയുണ്ടായതായും അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്‌.23 അതു കാരണം പാത്രിയര്‍ക്കീസ്‌ ബാവ അദ്ദേഹത്തെ തിരിച്ചുവിളിച്ചു്‌ കല്‌പന അയച്ചപ്പോള്‍ അതനുസരിച്ചു്‌ മുഖദാവില്‍ പോയി ഉത്തരം പറയാതെ, ഒരു മറുപടി അയച്ചുകൊണ്ടു്‌ നാട്ടിലേക്കു പോരികയാണല്ലോ ഉണ്ടായതു്‌. ആ മറുപടിയുടെ പ്രസക്തഭാഗങ്ങള്‍ നോക്കുക: '... എന്നെ പൂര്‍ണ്ണസ്ഥാനിയാക്കി അയച്ചിരിക്കയാല്‍ എന്റെ ജോലിക്കു്‌ ഞാന്‍ കഴിയുന്നതും വേഗം പോകുന്നതിനു തയ്യാറായിരിക്കുന്നു. മലബാറില്‍ ഞാന്‍ എത്തിയാലും എന്നെ ഒരു സ്ഥാനിയായി അവിടെയുള്ള സര്‍വ്വ ആളുകളും അംഗീകരിക്കുമെന്നു്‌ ഞാന്‍ വിചാരിക്കുന്നില്ല. ... അന്ത്യോഖ്യാവിനും മലബാറിനും തമ്മില്‍ സ്‌നേഹസംബന്ധവും സഹോദരത്വവും അല്ലാതെ അധികാരകര്‍ത്തവ്യം ഇല്ലാത്തതുകൊണ്ടു്‌ അവിടെ എത്തിയ ശേഷം എനിക്കു വലിയ പോരു പൊരുതുവാന്‍ സംഗതി വരുമെന്നു്‌ ഞാന്‍ അറിയുന്നു. മാന്യപിതാവിനാല്‍ എനിക്കു നല്‍കപ്പെട്ടിരിക്കുന്ന സ്ഥാനമുദ്രകളില്‍ വച്ചു്‌ സ്‌താത്തിക്കോന്‍ എന്നെ സ്ഥാനം കെട്ടിയിരിക്കുന്നതു്‌ വാസ്‌തവമെന്നറിയാന്‍ ഒരു സാക്ഷിപത്രം മാത്രം ആയിരിക്കുന്നതല്ലാതെ ഇതു നിമിത്തം മലബാര്‍ സഭകളിലെ സര്‍വ്വാധികാരവും എനിക്കു സിദ്ധിക്കുന്നതല്ല. ... മാര്‍ തോമായുടെ സിംഹാസനത്തില്‍ നിന്നും അന്യാധീനമായിപ്പോയ ശ്ലീഹൂസാസ്ഥാനത്തെ തിരിയെ അവിടേക്കു വഹിപ്പാന്‍ കാരണമായിത്തീര്‍ന്നതും അയോഗ്യനായ ഞാന്‍ മുഖാന്തരമത്രേ.'24

തൊണ്ണൂറു വയസ്സുള്ള പാത്രിയര്‍ക്കീസ്‌ ബാവ നവീകരണത്തിന്‌ ആഗ്രഹിക്കുന്നുവെന്നും ഈ തീവ്രയത്‌നത്തില്‍ അദ്ദേഹത്തോടു സഹകരിക്കുവാന്‍ ആരുമില്ലെന്നും ഇവിടെ വന്ന ഉടന്‍ പാലക്കുന്നത്തു മെത്രാന്‍ സതീര്‍ത്ഥ്യനായ റവ. ജോര്‍ജ്ജ്‌ മാത്തനു്‌ എഴുതിയിരുന്നു.25
മത്യൂസ്‌ അത്താനാസ്യോസിന്റെ സതീര്‍ത്ഥ്യനായിരുന്ന ജോര്‍ജ്ജ്‌ മാത്തന്‍ ശെമ്മാശ്ശന്‍ ആംഗ്ലേയസഭയിലേക്കു ചാഞ്ഞു. ഇതു്‌ മത്യൂസ്‌ അത്താനാസ്യോസിനു്‌ ആദരണീയമായിരുന്നില്ല. ഞാന്‍ ജീവിക്കുന്നെങ്കില്‍ എന്റെ സഭയ്‌ക്കായി മാത്രമായിരിക്കും. എന്റെ മാതൃസഭയ്‌ക്കു വേണ്ടിത്തന്നെ ഞാന്‍ ജീവിക്കും. അതിലെ കളകളെ വേരോടെ പറിച്ചു കളഞ്ഞു്‌ അതിനെ അതിന്റെ ആദ്യ പരിശുദ്ധാവസ്ഥയിലേക്കും നിര്‍മ്മലവിശ്വാസത്തിലേക്കും നയിക്കുന്നതിനായി ഞാന്‍ ജീവിക്കും' എന്നു്‌ ഉറ്റ സ്‌നേഹിതനോടു്‌ അന്നേ പറഞ്ഞതായി അദ്ദേഹത്തിന്റെ ജീവചരിത്രം വെളിപ്പെടുത്തിയിരിക്കുന്നു.26 മതപരിഷ്‌കരണം ശെമ്മാശനായിരിക്കുമ്പോഴേ കര്‍മ്മപദ്ധതിയായി അദ്ദേഹം മനസ്സില്‍ കരുതിയതായാണല്ലോ ഇതു തെളിയിക്കുന്നതു്‌. നവീകരണത്തിലേക്കു്‌ ശക്തിയായി എടുത്തു ചാടാതെ, ക്രമേണ അതിലേക്കു്‌ ആളുകളെ നയിക്കുവാനുള്ള സൂത്രമായിരുന്നു മത്യൂസ്‌ അത്താനാസ്യോസിന്റെ കര്‍മ്മപദ്ധതി.

നവീകരണത്തിനെതിരേ സഭയില്‍ രൂപംകൊണ്ടിരുന്ന എതിര്‍പ്പില്‍ കോനാട്ടു്‌ അബ്രഹാം മല്‌പാനും ഗണ്യമായ പക്കൃണ്ടായിരുന്നു. ആ മതപരിഷ്‌കാരത്തോടുള്ള പ്രതിരോധനീക്കത്തിന്റെ ഭാഗമായാണു്‌ പുലിക്കോട്ടില്‍ യൗസേഫ്‌ കത്താനാരെ മെത്രാന്‍സ്ഥാനമേല്‍പ്പിക്കുവാന്‍ ഇടവരുത്തിയതു്‌. പാലക്കുന്നത്തു മെത്രാന്‍ മതവിപരീതിയാകയാല്‍ വിളംബരം കൊടുക്കുന്നതു്‌ സങ്കടമെന്നു്‌ കോനാട്ടു്‌ മല്‌പാന്‍ തുടങ്ങിയവര്‍ ഹര്‍ജി അയയ്‌ക്കയും വാദിക്കയും ചെയ്‌തിരുന്നു. ഇക്കൂട്ടത്തില്‍ ഇവര്‍ മര്‍ദ്ദീനിലേക്കും എഴുതിയതിന്റെ അനന്തരഫലമായിരുന്നു യൂയാക്കീം മാര്‍ കൂറീലോസിന്റെ വരവു്‌.

പുലിക്കോട്ടില്‍ യൗസേഫ്‌ കത്തനാര്‍ ശീമയാത്രയ്‌ക്കു പുറപ്പെട്ടു്‌ കടമറ്റത്തു്‌ എത്തിയ ശേഷം കോനാട്ടു്‌ അബ്രഹാം മല്‌പാനെ പോയി കണ്ടു. യാത്രാവിവരം ഗ്രഹിച്ചു്‌ മല്‌പാന്‍ സന്തോഷിച്ചു്‌ രോഗക്കിടക്കയില്‍ ആയിരുന്നിട്ടും പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്കു്‌ എഴുത്തു തയ്യാറാക്കി കൊടുത്തു.27

അബ്രഹാം മല്‌പാന്‍ ദീനം പിടിപെട്ടു്‌ മരണാസന്നനായിരിക്കുമ്പോള്‍ പാലക്കുന്നത്തു്‌ മാത്യൂസ്‌ അത്താനോസ്യോസ്‌ അദ്ദേഹത്തെ സന്ദര്‍ശിച്ചു്‌ മടങ്ങിയിരുന്നു. അന്ത്യസമയത്തു്‌ യൂയാക്കീം മാര്‍ കൂറീലോസും മറ്റും കൂടിയാണു്‌ ഒപ്രുശുമാ കഴിച്ചതു്‌. അന്നേദിവസം (1863 തുലാം 15) അവര്‍ തമ്മില്‍ ഉണ്ടായിരുന്ന വഴക്കുകള്‍ പറഞ്ഞുതീര്‍ന്നതായി കണ്ടനാട്‌ ഗ്രന്ഥവരിയുടെ കര്‍ത്താവു്‌ ശീമോന്‍ മാര്‍ ദീവന്നാസ്യോസിന്റെ സാക്ഷ്യമുണ്ടു്‌. (പാലക്കുന്നത്തു മെത്രാനോടുള്ള മാര്‍ കൂറീലോസിന്റെ അവസരവാദ നിലപാടുകളാകണം വഴക്കിനു കാരണമെന്നു്‌ തോന്നുന്നു.) ശവസംസ്‌കാരത്തിനു്‌ മാര്‍ കൂറിലോസ്‌ അവിടെ ഉണ്ടായിരുന്നതുകൊണ്ടു്‌ പാലക്കുന്നത്തു മെത്രാന്‍ പോയില്ലെന്നും ശീമോന്‍ മാര്‍ ദീവന്നാസ്യോസ്‌ രേഖപ്പെടുത്തി.28

'ഗുണദോഷ സമ്മിശ്രമായിരുന്നു മിഷനറി പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍. മലങ്കരസഭയില്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുന്നതിനു്‌ ഒരു കാരണം മിഷനറിപ്രവര്‍ത്തനങ്ങളായിരുന്നു. നവീകരണ ആശയങ്ങള്‍ മലങ്കരസഭയില്‍ കേസുകള്‍ക്കു്‌ വഴി തെളിച്ചു' എന്ന നിരീക്ഷണം ശ്രദ്ധേയമാണ്‌.29 നവീകരണാശയങ്ങളെ എതിര്‍ക്കുവാനും പൂര്‍വ്വികമായ സത്യവിശ്വാസം നിലനിര്‍ത്തുവാനും പടപൊരുതിയ പണ്ഡിതനായ കോനാട്ടു്‌ അബ്രഹാം മല്‌പാന്‍ ആ കാലഘട്ടത്തില്‍ അപൂര്‍വ്വസിദ്ധികളുണ്ടായിരുന്ന ഒരു പ്രഗത്ഭനായിരുന്നു.

അവലംബം

ഇടവകപത്രിക, കോട്ടയം
ആത്തുങ്കല്‍ ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ, കുറുപ്പമ്പടി പള്ളിയുടെ ചരിത്രം, 1118, പ്രസിദ്ധീകരണം 1981
ജെ. വറുഗീസ്‌, മത്യൂസ്‌ അത്താനാസ്യോസിന്റെ ജീവചരിത്രം, പബ്ലീ. കെ.വി. വറുഗീസ്‌, എ.വി.ജി. പ്രസ്‌, കോട്ടയം. 1920
വെരി. റവ. കെ.വി. ഗീവര്‍ഗീസ്‌ റമ്പാന്‍, തിരുവാങ്കോട്ടു സുറിയാനിപ്പള്ളി ചരിത്രം.
ഇസഡ്‌. എം. പാറേട്ട്‌, മലങ്കരനസ്രാണികള്‍ 3, 1967
ഇസഡ്‌. എം. പാറേട്ട്‌, പുതുപ്പള്ളിപ്പള്ളി, 1972
റ്റി.സി. കോര, താഴത്ത്‌, മലങ്കരസഭാ നവീകരണത്തിന്റെ മുന്നോടികള്‍, 1984
ജോര്‍ജ്ജ്‌ വറുഗീസ്‌, മദ്രാസ്‌, പാലക്കുന്നത്ത്‌ മാര്‍ മാത്യൂസ്‌ അത്താനാസ്യോസ്‌ നവീകരണവിശ്വാസിയോ? എം.ഒ.സി. പബ്ലിക്കേഷന്‍സ്‌, കോട്ടയം 1988
ത്രീസായ്‌ ശുബഹോ സെന്റര്‍ സ്‌മരണിക, 1993
കെ. ഐ. നൈനാന്‍, സഭാചരിത്രവിചിന്തനങ്ങള്‍ ആംഗ്ലിക്കന്‍ കാലഘട്ടം, ക്രൈസ്‌തവസാഹിത്യസമിതി, തിരുവല്ല, 1997
കണിയാമ്പറമ്പില്‍ കുര്യന്‍ കോറെപ്പിസ്‌കോപ്പ, മാര്‍ കൂറീലോസ്‌ സൂവനീര്‍, രണ്ടാം പതിപ്പ്‌, മുളന്തുരുത്തി പള്ളി, 2002
പുലിക്കോട്ടില്‍ ദീവന്നാസ്യോസ്‌, ഒരു പരദേശയാത്രയുടെ കഥ, ആത്മപോഷിണി പബ്ലീഷേഴ്‌സ്‌ കുന്നംകുളം, 2003
മലങ്കര മല്‍പ്പാന്‍ കോനാട്ട്‌ മാത്തന്‍ കോറെപ്പിസ്‌കോപ്പ: വ്യക്തിയും കാലവും, എഡി. ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, കോനാട്ട്‌ ബന്ധുജനസംഗമം, 2007
ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്‌, കണ്ടനാട്‌ ഗ്രന്ഥവരി, എഡി. ഫാ. ഡോ. ജോസഫ്‌ ചീരന്‍, എം.ജെ.ഡി.പബ്ലീഷിങ്‌ ഹൗസ്‌, കുന്നംകുളം, 2008

കുറിപ്പുകള്‍

1. റവ. ഡോ. ബി. വറുഗീസ്‌, മലങ്കര മല്‍പ്പാന്‍ കോനാട്ടു്‌ മാത്തന്‍ കോറെപ്പിസ്‌കോപ്പ: വ്യക്തിയും കാലവും, എഡി. ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ടു്‌, കോനാട്ടു്‌ ബന്ധുജനസംഗമം, 2007. പേ.14-56
2. വെരി. റവ. കെ.വി. ഗീവര്‍ഗീസ്‌ റമ്പാന്‍, തിരുവാങ്കോട്ടു സുറിയാനിപ്പള്ളി ചരിത്രം. പു. 12, 29, 79, 80
3. ആത്തുങ്കല്‍ ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ, കുറുപ്പമ്പടി പള്ളിയുടെ ചരിത്രം, 1118, പ്രസിദ്ധീകരണം 1981, പു.107
4. ഫാ. ടി.പി. ഏലിയാസ്‌, ത്രീസായ്‌ ശുബഹോ സെന്റര്‍ സ്‌മരണിക, 1993
5. കെ. ഐ. നൈനാന്‍, സഭാചരിത്രവിചിന്തനങ്ങള്‍ ആങ്‌ഗ്ലിക്കന്‍ കാലഘട്ടം, ക്രൈസ്‌തവസാഹിത്യസമിതി, തിരുവല്ല, 1997 പു. 28
6. റവ.ഡോ. മാത്യു കുഴിവേലില്‍, അവതാരിക പു.2, മലങ്കരസഭാ നവീകരണത്തിന്റെ മുന്നോടികള്‍, റ്റി.സി.കോര, താഴത്തു്‌ 1984
7. റവ.ഡോ. റ്റി.സി. തോമസ്‌, റിട്ട. പ്രിന്‍സിപ്പല്‍, അഭിപ്രായം, പു. 9, മലങ്കരസഭാ നവീകരണത്തിന്റെ മുന്നോടികള്‍, റ്റി.സി. കോര, താഴത്തു്‌, 1984
8. മലങ്കരസഭാ നവീകരണത്തിന്റെ മുന്നോടികള്‍, റ്റി.സി.കോര, താഴത്ത്‌ 1984 പു. 18
9. ഇസഡ്‌. എം. പാറേട്ട്‌, മലങ്കരനസ്രാണികള്‍ 3, പു.146
10. ഇടവകപത്രിക 1075 മേടം പു.9 ല.4
11. ജോര്‍ജ്ജ്‌ വറുഗീസ്‌, മദ്രാസ്‌, പാലക്കുന്നത്ത്‌ മാര്‍ മാത്യൂസ്‌ അത്താനാസ്യോസ്‌ നവീകരണവിശ്വാസിയോ? എം.ഒ.സി. പബ്ലിക്കേഷന്‍സ്‌, കോട്ടയം 1988, പു.140-141
12. പാലക്കുന്നത്ത്‌ മാര്‍ മാത്യൂസ്‌ അത്താനാസ്യോസ്‌ നവീകരണവിശ്വസിയോ? എം.ഒ.സി. പബ്ലിക്കേഷന്‍സ്‌, കോട്ടയം, 1988. പു. 136
13. ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്‌, കണ്ടനാടു്‌ ഗ്രന്ഥവരി, എഡി. ഫാ. ഡോ. ജോസഫ്‌ ചീരന്‍, എം.ജെ..ഡി.പബ്ലീഷിങ്‌ ഹൗസ്‌, കുന്നംകുളം 2008. പു. 52
14. ജെ. വറുഗീസ്‌, മത്യൂസ്‌ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത, ഒന്നാം ഭാഗം, പബ്ലീ. കെ.വി.വറുഗീസ്‌, എ.വി.ജി. പ്രസ്‌, കോട്ടയം, 1920. പു. 40
15. ടി. പു. 39, 58
16. ടി. പു. 57, 58
17. ടി. പു. 40, 41; ഇസഡ്‌. എം.പാറേട്ട്‌, മലങ്കര നസ്രാണികള്‍ 3. പു. 224
18. ജെ. വറുഗീസ്‌, മത്യൂസ്‌ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത, പു. 69
19 കണ്ടനാടു്‌ ഗ്രന്ഥവരി പു. 54
20. ജോര്‍ജ്ജ്‌ വറുഗീസ്‌, മദ്രാസ്‌, പാലക്കുന്നത്ത്‌ മാര്‍ മാത്യൂസ്‌ അത്താനാസ്യോസ്‌ നവീകരണവിശ്വാസിയോ? എം.ഒ.സി. പബ്ലിക്കേഷന്‍സ്‌, കോട്ടയം 1988, പു. 248
21. കണിയാമ്പറമ്പില്‍ കുര്യന്‍ കോറെപ്പിസ്‌കോപ്പ, മാര്‍ കൂറീലോസ്‌ സൂവനീര്‍, രണ്ടാം പതിപ്പ്‌, മുളന്തുരുത്തി പള്ളി, 2002, ഭാഗം 4 പു.15
22. റവ. സി.ഇ. എബ്രഹാം, സഭാചരിത്രസംഗ്രഹം, സി.എല്‍.എസ്‌, 1983. പു. 358, 359, 360
23. ജെ. വറുഗീസ്‌, മത്യൂസ്‌ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത, ഒന്നാം ഭാഗം, പബ്ലീ. കെ.വി.വറുഗീസ്‌, എ.വി.ജി. പ്രസ്‌, കോട്ടയം, 1920. പു. 22, 23
24. ടി. പു. 24
25. ടി. പു. 34
26. ടി. പു. 10
27. പുലിക്കോട്ടില്‍ ദീവന്നാസ്യോസ്‌, ഒരു പരദേശയാത്രയുടെ കഥ, ആത്മപോഷിണി പബ്ലീഷേഴ്‌സ്‌ കുന്നംകുളം, 2003. പു. 41, 42
28. കണ്ടനാട്‌ ഗ്രന്ഥവരി, പു.106, 107
29. കെ. ഐ. നൈനാന്‍, സഭാചരിത്രവിചിന്തനങ്ങള്‍: ആംഗ്ലിക്കന്‍ കാലഘട്ടം, ക്രൈസ്‌തവസാഹിത്യസമിതി, തിരുവല്ല, 1997, പു.59

Sunday 3 October 2021

അഞ്ചേകാലും കോപ്പും / പി. തോമസ്‌, പിറവം

മിക്ക പഴയ പള്ളികളിലും പള്ളി പണിയാന്‍ അനുവാദം നല്‍കിയവര്‍, പള്ളിക്കു സ്ഥലം നല്‍കിയവര്‍, പള്ളിപണിക്കു കൂടിയ ആശാരിമാര്‍, മൂശാരിമാര്‍, കൊല്ലന്മാര്‍, തട്ടാന്മാര്‍ എന്നീ കരകൗശലവേലക്കാര്‍, ്ര്രപദേശത്തു നാടുവാഴികളുടെ പ്രതിനിധിയായി നീതിന്യായനിര്‍വ്വഹണം നടത്തുന്നവര്‍ എന്നിവര്‍ക്കാക്കെ പള്ളിയില്‍ നിന്ന്‌ ആണ്ടുതോറും അവകാശം നല്‍കിയിരുന്നു. ആറേകാലും കോപ്പും, പത്തേകാലും കോപ്പും, പതിനാറേകാലും കോപ്പും (അളവില്‍ പറയുന്നത്രയും ഇടങ്ങഴി അരിയും കറിസ്സാധനങ്ങളും) ഒക്കെയാണ്‌ അവകാശം. അവരുടെ കാലശേഷം കുടുംബങ്ങള്‍ക്ക്‌ ഈ അവകാശം ലഭിച്ചിരുന്നു. കുുറവിലങ്ങാട്‌ കാഞ്ഞിരക്കാട്ട്‌ നായര്‍കുടുംബത്തിനും ഇടപ്രഭുവായിരുന്ന മാമലശ്ശേരി കൈമള്‍ക്കും അഞ്ചേകാലും കോപ്പും നല്‍കിയിരുന്നു. (റവ. ഫാ. ഡോ. ജോര്‍ജ്‌ കുരുക്കൂര്‍, പുണ്യപുരാതനമായ കുറവിലങ്ങാട്‌ പള്ളി, 3-ാം പതിപ്പ്‌, ഗുഡ്‌ ന്യൂസ്‌ കമ്മ്യൂണിക്കേഷന്‍സ്‌, 2004. പു. 54) പണിക്കര്‍മാര്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഇടപ്രഭുക്കന്മാരുടെ കീഴില്‍വരുന്ന കളരികളുടെ അധിപന്മാരായിരുന്നു. കൊച്ചിയിലും വടക്കുംകൂറിലും തിരുവിതാംകൂറിലും കായികയുദ്ധാഭ്യസനത്തിനുള്ള കളരികള്‍ ഉണ്ടായിരുന്നു. കാക്കൂര്‍ പണിക്കര്‍, ആനിക്കാട്‌ വള്ളിക്കടപ്പണിക്കര്‍ (നസ്രാണി) എന്നിവരൊക്കെ കളരികളുടെ ഗുരുക്കന്മാരായിരുന്നു. നസ്രാണിയുവാക്കളെല്ലാം ചെറുപ്പത്തിലേ കളരിയില്‍ കച്ചകെട്ടി അഭ്യസിച്ചിരുന്നു. പിറവത്തെ കളരിയുടെ നാഥനായിരുന്നു ചാലാശ്ശേരില്‍ പണിക്കര്‍. നീതിന്യായപാലനത്തില്‍ നാടുവാഴികളുടെ പ്രതിനിധികളായിരുന്നു കളരിഗുരുക്കന്മാര്‍. നസ്രാണികളുടെ ദേവാലയത്തിലെ പെരുന്നാളില്‍ തങ്ങളുടെ ഗുരുവും നാടുവാഴിയുടെ പ്രതിനിധിയുമായ കളരിഗുരുക്കളെ ആദരിക്കുക സ്വാഭാവികമാണല്ലോ. പിറവം പള്ളിയില്‍ വര്‍ഷംതോറും കല്ലിട്ട പെരുന്നാള്‍ നടത്തുമ്പോള്‍ ഇപ്രകാരം ചാലാശേരില്‍ പണിക്കര്‍ക്ക്‌ അഞ്ചേകാലും കോപ്പും നല്‍കി ഇപ്പോഴും ആദരിച്ചുവരുന്നു. (ചാലാശ്ശേരിത്തറവാട്ടില്‍ ഭാഗംവച്ചപ്പോള്‍ ഈ അവകാശം ആര്‍ക്കെന്നതു സംബന്ധിച്ച്‌ ഒരു തര്‍ക്കവും തീരുമാനവും ഉണ്ടായതായി പറയപ്പെടുന്നുണ്ട്‌.)

പിറവം പള്ളി സ്ഥാപിതമായതു കുഴിക്കാട്ടുമനയ്‌ക്കല്‍ എന്ന ബ്രാഹ്മണ ഇല്ലം വക സ്ഥലത്തായിരുന്നതായി പാരമ്പര്യമുണ്ട്‌. പിറവം പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പെരുന്നാള്‍പട്ടികയില്‍ പള്ളിയുടെ കല്ലിട്ട പെരുന്നാളില്ല. പള്ളിയുടെ യഥാര്‍ത്ഥത്തിലുള്ള കല്ലിടല്‍ എന്ന്‌ പറയുന്നത്‌ പള്ളിക്കെട്ടിടം പണിയുന്ന അവസരത്തില്‍ പ്രാരംഭമായി വാനത്തില്‍ മൂലക്കല്ലു സ്ഥാപിക്കുന്ന സാധാരണ ചടങ്ങല്ല. പള്ളിയുടെ ശിലാസ്ഥാപനത്തിനുള്ള കല്ല്‌ പ്രത്യേകമായി തയ്യാറാക്കി, അതിന്റെ മദ്ധ്യത്തില്‍ ഒരു ചെപ്പ്‌ അടക്കം ചെയ്യത്തക്കവണ്ണം ഒരു കുഴിയുണ്ടാക്കുന്നു. ഒരു ചെപ്പിനകത്ത്‌ കര്‍ത്താവിനെ പ്രതിനിധീകരിക്കുന്ന ഒരു സ്വര്‍ണ്ണകുരിശും കര്‍ത്താവിന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടു കല്ലുകളും വച്ച്‌ അതിനു പുറമേ വിശ്വാസികളെ പ്രതിനിധീകരിക്കുന്ന കുന്തുരുക്കവും ഇട്ട്‌ പരിശുദ്ധാത്മാവിന്റെ ആവസിപ്പും നിറവും കാണിക്കുന്ന വിശുദ്ധ മുറോനും ഒഴിച്ച്‌ മറ്റൊരു കല്‌പാളികൊണ്ടു മൂടി അടച്ച്‌ നേരത്തെ തയ്യാറാക്കപ്പെട്ട കല്ലിന്മേലുള്ള കുഴിയില്‍ വയ്‌ക്കുന്നു. അനന്തരം പ്രാര്‍ത്ഥനകളും മറ്റും നടത്തി ആ കല്ല്‌ വി. മൂറോന്‍ കൊണ്ട്‌ അഭിഷേകം ചെയ്‌ത്‌ ആഘോഷിച്ചിട്ട്‌ ത്രോണോസിന്റെ സ്ഥാനത്ത്‌ അതിനായി തയ്യാറാക്കപ്പെട്ടിരിക്കുന്ന കുഴിയില്‍ നിക്ഷേപിക്കുന്നു. അതോടുകൂടി ആ പള്ളി സഭയോടു ചേര്‍ത്തു പണിയപ്പെടുകയും സഭയുടെ ഒരു ഭാഗമായിത്തീരുകയും ചെയ്യുന്നു. കര്‍ത്താവായ യേശുക്രിസ്‌തു മൂലക്കല്ലും അപ്പോസ്‌തോലന്മാരും പ്രവാചകന്മാരും അടിസ്ഥാനക്കകല്ലുകളുമാകുന്ന ഉറപ്പുള്ള അടിസ്ഥാനത്തിന്മേല്‍ സഭ പണിയപ്പെടുന്നു എന്നുള്ളതാണ്‌ ശിലാസ്ഥാപനത്തിന്റെ അര്‍ത്ഥം. ഈ ചടങ്ങിന്റെ വാര്‍ഷികമാണ്‌ കല്ലിട്ട പെരുന്നാള്‍. സാധാരണ മെത്രാനാണ്‌ കല്ലിടല്‍ നിര്‍വ്വഹിക്കുക. കഴിഞ്ഞ കാലങ്ങളില്‍ മെത്രാന്‍ തന്റെ ആസ്ഥാനത്തുവച്ച്‌ കല്ലിന്റെ കൂദാശകഴിച്ചിട്ട്‌ മല്‌പാന്മാരിലാരെയെങ്കിലും ഏല്‌പിച്ച ശേഷം അവര്‍ സ്ഥലത്തു കൊണ്ടുപോയി സ്ഥാപിക്കുകയും ഉണ്ടായിട്ടുണ്ട്‌. അടിസ്ഥാനശില സ്ഥാപിക്കപ്പെട്ടു കഴിയുമ്പോള്‍ മാത്രമാണ്‌ ആ പള്ളിക്കെട്ടിടം വി. മൂറോന്‍കൊണ്ട്‌ അഭിഷേകം ചെയ്യപ്പെടുവാന്‍ തക്കവണ്ണം സജ്ജമാകുന്നത്‌. ഈ ശിലാസ്ഥാപനം നടത്താതെ മൂറോന്‍ കൊണ്ടുള്ള പള്ളിയുടെ അഭിഷേകശുശ്രൂഷ നടത്തുകയില്ല. പള്ളി പണി പൂര്‍ത്തിയായാല്‍ പിന്നീട്‌ ത്രോണോസ്‌ (ബലിപീഠം) കൂദാശ ചെയ്യുന്നു. ബലിപീഠം നമ്മുടെ കര്‍ത്താവിന്റെ കബറിടവും ഗോഗുല്‍ത്തായുമായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. അതിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിട്ട്‌ ബലിപീഠം മൂറോന്‍ കൊണ്ട്‌ അഭിഷേകം ചെയ്യുന്നു.

Saturday 16 January 2021

'പീലാത്തോസ് കൈകള്‍ കഴുകി' / പീത്തോമ

കാലാച്ചേരി തറവാട് പണിക്കര്‍ സ്ഥാനികളുടേതാണ്. ആയുധാഭ്യാസക്കളരിയായിരുന്നു തറവാടിന്‍റെ മഹിമയും മേന്മയും. തറവാട്ടുകാരണവന്മാര്‍ കളരിഗുരുക്കളായിരുന്നതിനാല്‍ നാട്ടുപ്രമാണികളും ദേശവാഴിയുമായിരുന്നു. ദേശത്തെ ദേവാലയങ്ങളുടെ സംരക്ഷണകര്‍ത്തവ്യം മൂലം അവിടെ നിന്നൊക്കെ അഞ്ചേകാലും കോപ്പും പോലുള്ള അവകാശങ്ങളുണ്ടായിരുന്നു കാലാച്ചേരിപ്പണിക്കര്‍ കാരണവര്‍ക്ക്.

പിന്നെപ്പിന്നെ കളരിയും ആയുധാഭ്യാസവും നിന്നുപോയി. രാജാവിന് സംഘടിതമായ പട്ടാളവും പോലീസും ഉണ്ടായി. ഒടുവില്‍ രാജഭരണവും പോയി. ജനാധിപത്യം വന്നു. കാലാച്ചേരിക്കാരുടെ പ്രാമാണ്യം ഇല്ലാതായി. ആയുധാഭ്യാസക്കളരിയുടെ സ്ഥാനത്ത് ആശ്രിതരിലൊരാള്‍ നിലത്തെഴുത്തുകളരി തുടങ്ങി. കളരിയിലെ മുത്തപ്പന്‍കോവിലില്‍ അടിച്ചുതളിയും നിത്യവൃത്തിയും മുടങ്ങി. നിലത്തെഴുത്താശാന്‍റെ പിന്മുറക്കാര്‍ അവിടെ ഇങ്ഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി.

തറവാട്ടിലെ അംഗങ്ങള്‍ കരമൊഴിവായി കിട്ടിയിരുന്ന പറമ്പുകളില്‍ വെവ്വേറെ വീടു വച്ച് പിരിഞ്ഞ് താമസം തുടങ്ങി. പല കുടുംബങ്ങളിലെയും അംഗങ്ങള്‍ ഉപജീവനാര്‍ത്ഥം അന്യനാടുകളില്‍ ചേക്കേറി.

തറവാട്ടില്‍ സ്വത്തുതര്‍ക്കമുണ്ടായി. ഭൂമിയെല്ലാം ഭാഗം ചെയ്യേണ്ടിവന്നു. ഭാഗം കിട്ടിയവരില്‍ പലരും വിറ്റുപെറുക്കി നാടുവിട്ടു. ഭാഗപത്രപ്രകാരം കളരിയുടെ ഭാഗം ഒരു ശാഖയ്ക്കു കിട്ടി. പക്ഷേ, അവിടത്തെ കളരിയിലെ മുത്തപ്പന്‍ കോവിലിന്‍റെ നിത്യകര്‍മ്മങ്ങള്‍ക്കും മറ്റുമായി തറവാട്ടുകാരണവരുടെ കൈകാര്യകര്‍ത്തൃത്വം ആരും വിലക്കിയില്ല.

ഭാഗം നടന്നപ്പോഴുണ്ടായിരുന്ന കാരണവരുടെ കാലശേഷം  കാരണവസ്ഥാനത്തിന്‍റെയും ദേവാലയങ്ങളില്‍നിന്നുള്ള അവകാശങ്ങളുടെയും കളരിയുടെയും മുത്തപ്പന്‍കോവിലിന്‍റെയും അവകാശത്തിന്‍റെയും പേരില്‍ ശാഖാകുടുംബങ്ങളിലെ നായകന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. കളരിയിടത്തിലെ ഇങ്ഗ്ലീഷ് മീഡിയം സ്കൂള്‍ ഉടമയും തര്‍ക്കത്തില്‍ കക്ഷി ചേര്‍ന്നു. കളരിമുത്തപ്പന്‍റെ ഉത്സവവും മറ്റും നാട്ടുകാരുടെ പങ്കാളിത്തത്തോടെ ആയിരുന്നതുകൊണ്ട് നാട്ടുകാരും ഓരോ അവകാശികളുടെ പക്ഷം ചേര്‍ന്നു. കാലാച്ചേരി പ്രശ്നം നാട്ടുകാരുടെ പ്രശ്നമായി. അവകാശത്തര്‍ക്കത്തില്‍ ചില നാട്ടുമദ്ധ്യസ്ഥന്മാര്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ വച്ചു. എന്നാല്‍ കക്ഷികള്‍ നാട്ടുകാരുടെ പിന്‍ബലത്തോടെ അതിനെ ചെറുത്തു. കാലാച്ചേരിപ്രശ്നം നാട്ടില്‍ ക്രമസമാധാനപ്രശ്നമായി. അധികാരികള്‍ക്ക് തലവേദനയും.

ഒടുവില്‍ കച്ചേരിയില്‍ വ്യവഹാരമായി. തീര്‍പ്പുകള്‍ മേല്‍കച്ചേരികളില്‍ ചോദ്യം ചെയ്യപ്പെട്ടു. തോറ്റും ജയിച്ചും വ്യവഹാരം നീളവേ എല്ലാ പക്ഷത്തുമുള്ളവര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിനെ മുഷ്ടികൊണ്ട് തടയുന്നതായി കച്ചേരിക്കു മനസ്സിലായി. ഒരു മദ്ധ്യസ്ഥതീരുമാനത്തിന് സാദ്ധ്യതയില്ലേ എന്ന് കച്ചേരി തിരക്കി. മുമ്പൊക്കെ നാട്ടുപ്രമാണിമാര്‍ തര്‍ക്കങ്ങളില്‍ ഉണ്ടാക്കുന്ന തീരുമാനം അനുസരിച്ചില്ലെങ്കില്‍ നാട്ടില്‍ പൊറുക്കാനാകില്ലെന്ന് ആര്‍ക്കും അറിയാമായിരുന്നു. രാജശക്തി പോലും നാട്ടുമര്യാദയെ ഭയന്നിരുന്നു. എന്നാല്‍ കച്ചേരികളുടെ ഉത്തരവുകള്‍ പോലും കാറ്റില്‍ പറക്കുമ്പോള്‍ മദ്ധ്യസ്ഥതീരുമാനത്തിന്‍റെ ഗതി എന്തായാലും തങ്ങള്‍ തത്ക്കാലം പുലിവാലു പിടിക്കേണ്ടതില്ലോ എന്നായിരുന്നു കച്ചേരിയുടെ ഉള്ളിലിരിപ്പ്. കച്ചേരി ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നതുകൊണ്ടാണോ ഇപ്രകാരം നിര്‍ദ്ദേശിച്ചതെന്ന് ആരും കച്ചേരിയില്‍ ചോദിച്ചില്ല. നീതിക്കായി കാശിനു വാദിക്കുന്നവരും തങ്ങളുടെ കക്ഷിക്കു വേണ്ടി അതുന്നയിച്ചില്ല. പുറത്താരും അക്കാര്യം മിണ്ടിയില്ല. കച്ചേരിയലക്ഷ്യത്തിനു നടപടി ഉണ്ടായാലോ എന്ന പേടി. കാട്ടുനീതിയിലേക്കാണ് പോക്കെന്ന് ചിലര്‍ അടക്കം പറഞ്ഞു. അതു ശരിയെന്ന് കച്ചേരിയകത്തളങ്ങളില്‍ സംസാരമുണ്ടായി.

മദ്ധ്യസ്ഥന്മാരുടെ തീരുമാനങ്ങളും കച്ചേരിയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്ന് വ്യവഹാരം പരമോന്നത കച്ചേരിയിലെത്തി. ഏറെക്കാലം അതവിടെ നിരങ്ങി നീങ്ങി. വ്യവഹാരക്കച്ചേരിച്ചെലവും കക്ഷികളുടെ പ്രതിനിധികളുടെ കൂലിയും ചെലവും ഒക്കെയായി നീതി കിട്ടുവാന്‍ കക്ഷികള്‍ ഏറെ ധനം ചെലവിട്ടു. ഒടുവില്‍ കാലാച്ചേരിപ്രശ്നത്തില്‍ വിധി പറയുന്ന ദിനം വന്നു. നാട്ടില്‍ ക്രമസമാധാനപാലനത്തിന് അധികാരികള്‍ മുന്‍കൂട്ടി ഒരുക്കങ്ങള്‍ ചെയ്തു. ഒടുവില്‍ മല പെറ്റു. കാലാച്ചരിപ്രശ്നത്തില്‍ തീരുമാനം പുറത്തുവന്നു.

കാലാച്ചേരി കാരണവര്‍ക്കാണ് ദേവാലയങ്ങളിലെ അഞ്ചേകാലിനും കോപ്പിനും മറ്റും അവകാശം. കാരണവരുടെ സംരക്ഷണത്തിലും കര്‍ത്തൃത്വത്തിലും കളരിമുത്തപ്പന്‍കോവില്‍ തുടരും. അവിടത്തെ ഉത്സവാഘോഷങ്ങളില്‍ നാട്ടുകാര്‍ക്ക് അവകാശങ്ങളുണ്ട്. ആയുധാഭ്യാസക്കളരി ഇരുന്ന സ്ഥലം അതിന്‍റെ ഭാഗപത്രപ്രകാരമുള്ള അവകാശിയുടേതാണ്. എന്നാല്‍ ഇം്ഗ്ലീഷ് മീഡിയം സ്കൂള്‍ കൈവശക്കാരന് സ്കൂള്‍ നടത്തുന്ന കാലം വരെ അതിന് അവകാശമുണ്ടായിരിക്കും.

ദീര്‍ഘനാളത്തെ വ്യഹാരത്തിനൊടുവില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം അവകാശങ്ങള്‍ ലഭിച്ചതിനാല്‍ ക്രമസമാധാനഭംഗം ഉണ്ടായില്ല. ഉത്തമമായ തീരുമാനമെന്ന് ഘോഷമുണ്ടായി.

ആയുധക്കളരിയുണ്ടായ കാലം മുതല്‍ അവിടത്തെ പരികര്‍മ്മികളും കൂലാച്ചേരിക്കാരുടെ ആശ്രിതരുമായിരുന്ന കുടുംബത്തിലെ കാരണവര്‍ വിധി അറിഞ്ഞപ്പോള്‍ ഒട്ട് തന്നത്താനെയും ഒട്ട് ഉറക്കെയുമായി പറഞ്ഞു: 'കഷ്ടമായിപ്പോയി! ഞങ്ങളും കക്ഷി ചേര്‍ന്നിരുന്നെങ്കില്‍ ഒരു വീതം കിട്ടിയേനേ. അവകാശത്തര്‍ക്കത്തില്‍ കച്ചേരി ഇങ്ങനെ തീരുമാനിക്കുമെന്ന് കരുതിയില്ലല്ലോ, ദൈവമേ.' അപ്പോള്‍ തൊട്ടടുത്ത പള്ളിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നു കേട്ടു: 'പീലാത്തോസ് കൈകള്‍ കഴുകി.'

Tuesday 9 June 2020

മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം


മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം


അരിഷ്ടത = കഷ്ടത, ദൗര്‍ഭാഗ്യം, ദാരിദ്ര്യം
അയര്‍ക്കുക = ഛിദ്രിക്കുക, അകലുക,
കോപിക്കുക, വെറുത്തു പറയുക, മൂര്‍ച്ഛിക്കുക, തളരുക
അയര്‍പ്പ് = അകല്‍ച്ച, ഭിന്നത, ഛിദ്രം,
വിരോധം, വ്യതിചലനം
അറാന്‍ = ഇല്ലാതാക്കുവാന്‍
അറ്റകുറ്റം = കുറവ്, കുറ്റം, ദോഷം, തെറ്റ്
അഴിവ്; അഴിക്കുക = നാശം, നശിപ്പ്; നശിപ്പിക്കുക
ആകല്‍ക്കറുസ = സാത്താന്‍, ദുഷ്ടാരൂപി
ആവലാതി (ധി) = സങ്കടാപേക്ഷ, പരാതി
ഇടത്തൂട് = വിപരീതമായത്, തെറ്റായമാര്‍ഗ്ഗം, വേദവിപരീതം, വേദവിരുദ്ധത,
മതവിരോധം
ഉതപ്പ് = പാപം, കുറ്റം, ഇടര്‍ച്ച, എതിര്‍പ്പ് (ഉത = കുറ്റംചെയ്യുക,
പാപം ചെയ്യുക)
ഉത്തരിപ്പ് = പരിഹാരം; ഉത്തരവാദിത്തം,
വീട്ടല്‍, കൊടുത്തുതീര്‍ക്കല്‍
ഉപവി = സ്നേഹം, സന്തോഷം കൃപ,
ദാനം, ധര്‍മ്മം, ഭൂതദയ,
ജീവകാരുണ്യപ്രവൃത്തി
ഉപോഷിക്കുക = ഉപവസിക്കുക, വ്രതമെടുക്കുക
ഉരുവം = രൂപം
ഉഷ, ഉഷപ്പ് = ഉഷസ്സ്, പ്രകാശം, പ്രഭാതം
എരിവ് = തീക്ഷ്ണത, തീവ്രത
ഒരുവന്‍തമ്പുരാന്‍ = ഏകദൈവം
ഒപി (ഒവി, ഓപി, ഓവി) = ഉപവി, സ്നേഹം
ക്നൂമ = ആളത്തം
കടുമ; കടുമപ്പെട്ട = കടുപ്പം, കഠിനം, ദുഷ്ടത; കടുത്ത
കടിയവഴി = ദുര്‍ഘടമാര്‍ഗ്ഗം
കപ്യം (കപ്പിയം); കപ്യക്കാരന്‍ = വ്യാജം, കളവ്; കള്ളന്‍, നുണയന്‍
കല്‍പ്പെട്ട = അധികമായ, വര്‍ദ്ധിച്ച
കാതല്‍, കാതല്‍ത്വം = തത്ത്വം, സാരാംശം, ഉണ്മ, സത്ത്, കാമ്പ്
കാവ്യര്‍ = അക്രൈസ്തവര്‍, പുറജാതികള്‍, വിജാതിയര്‍, ചണ്ഡാലര്‍.
കാഴ്ചക്കാര്‍ = ദര്‍ശകര്‍, ദീര്‍ഘദര്‍ശിമാര്‍
കൊടൂരം (കൊഠൂരം); കൊടൂരക്കാരന്‍ = കാഠിന്യം, കഠോരം; കഠിനന്‍
കൊണ്ടാടുക, കൊണ്ടാട്ടം = സമ്മതിക്കുക, ഏറ്റുപറയുക, ആദരിക്കുക; ആദരവ്, ആഘോഷം, സ്തോത്രം, സ്തുതി
കുരള = അസത്യം, കളവ്, നുണ, ഏഷണി
കൊള്ളുക = വാങ്ങുക, സ്വീകരിക്കുക
ചരതിക്കുക = ശേഖരിക്കുക, സൂക്ഷിച്ചുവയ്ക്കുക
ചണ്ഡാലര്‍ = കാവ്യര്‍
ചവളപ്പെട്ട = ചവിണ്ട, മുഷിഞ്ഞ, ഭംഗിയില്ലാത്ത, മോശമായ, വൈരൂപ്യമുള്ള
ചോദ്യത്തിനുടെ ദിവസം = ന്യായവിധിദിവസം, അന്ത്യവിധിനാള്‍
ജീവസ്സ് = ജീവല്‍ക്കാലം, ജീവിതം, ജീവന്‍, ചൈതന്യം
തണ്ണീര്‍കുടി = വഴിയാഹാരം, പാഥേയം
തണ്യം (തണ്ണിയ) = ചീത്ത, ദുഷിപ്പ്, മോശം, അധര്‍മ്മം തണ്ണിയദിവസം = നിര്‍ഭാഗ്യദിനം
തണ്യവന്‍ = മോശക്കാരന്‍, ഹീനന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
തിന്മപ്പെട്ടവന്‍ = ദുഷ്ടന്‍, തെറ്റുകാരന്‍
തീയത് = ചീത്ത, ദുഷിച്ചത്, തിന്മ
തേറുക; തേറ്റം = പശ്ചാത്തപിക്കുക; പശ്ചാത്താപം,
വിശ്വാസം ഏറ്റുപറയല്‍, അനുതാപഗീതം
ദിഷ്ടതി = ദിഷ്ടതയുടെ ദുഷിച്ച രൂപം. വിധി,
കടമ, ആവശ്യം, അനിവാര്യം ദിഷ്ടം = ഭാഗ്യം, വിധി; ദിഷ്ടി
ദ്വിഷ്ടം = ദൈവികദാനം, ദൈവേച്ഛ
ദുഷിപെട്ട = ചീത്തയായ, മോശമായ
ദേവസ = പിശാച്, അശുദ്ധാത്മാവ്
ദോഷത്താളര്‍ = പാപികള്‍, തെറ്റുകാര്‍
നിവ്യ = നിബിയ, പ്രവാചകന്‍
നിരപ്പ് = സമാധാനം, യോജിപ്പ്, ഒത്തുതീര്‍പ്പ്, ഐക്യം
നിരൂപണ = ആലോചന, ചിന്ത
നെറി, (നെറിവ്); നെറിവുകാരന്‍, നെറിവാളന്‍ = നേര്‍വഴി, ശ്രേഷ്ഠത, നീതി; നീതിമാന്‍
നെറിവുകെട്ടവന്‍ = അധര്‍മ്മി, അധമന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
പകച്ചു = തെറ്റിപ്പോയി
പട്ടാങ്ങ; പട്ടാങ്ങപ്പെട്ട = സത്യം; സത്യമുള്ള;
പട്ടാങ്ങ ചെയ്യുക = വാഗ്ദാനം ചെയ്യുക
പൂജ = ആരാധന, ശുശ്രൂഷ
പരിഷ (പരുഷ) = കൂട്ടം, ജാതി
പറഞ്ഞൊപ്പ് = വാഗ്ദാനം
പാവാട = പാകിയ ആട, വിരിച്ച തുണി,
വിരിപ്പ് (വഴിയിലോ, ഇരിപ്പിടത്തിലോ)
പാഷണ്ഡത = മതവിശ്വാസമില്ലായ്മ, മതവിരുദ്ധാഭിപ്രായം, നാസ്തികത
പെരികെ = കൂടുതല്‍, അധികം
പൈശൂന്യം = അസൂയ, തീരാപ്പക, ചതി
ബസ്ക്യാമ്മ = (ബസ്ക്യാമ, ബര്‍സ്ക്യാമ) ഉടമ്പടിക്കാരി, സന്യാസിനി (പട്ടക്കാരന്‍റെ ഭാര്യ, കത്തനാരി, കത്തനാരത്തി) മസ്ക്യാമ എന്നത് ദുഷിച്ച രൂപം
ഭൂതീയം (ഭൂതിയം) = ഭൂതം, മൂലഘടകം, മൂലകം, വസ്തു.
നാലു ഭൂതിയം = ചതുര്‍ഭൂതങ്ങള്‍
ഭൂഷപ്പെടുക, ഭൂഷിക്കുക = അലങ്കരിക്കുക, (വേഷം) ധരി ക്കുക
മയ്യല്‍ (മയല്‍) = മങ്ങല്‍, മയക്കം, dusk, അരണ്ട വെളിച്ചം, ഉഷസ്സ്; മയ്യലേ = രാവിലേ, രാവ് പോകുന്ന നേരം
മിനക്കെടപ്പെട്ട = മിനക്കെട്ട, വൃര്‍ത്ഥമായ, വെറുതെയുള്ള, അനാവശ്യമായ, നിഷ്ഫലമായ
മുറയിടുക; മുറയിടല്‍ = മുറവിളിക്കുക, വിലപിക്കുക; വിലാപം
മറുതലിപ്പ് = എതിര്‍പ്പ്, വിരുദ്ധത
മുന്മത്വം (മുന്മസുവം) = ത്രിത്വം
മുമ്പിടുക = തുടക്കമിടുക, മുമ്പോട്ടു വരുക, മുമ്പിലാകുക
മുഷ്കരം; മുഷ്കരത്തം = ശക്തി, അധികാരം
മൂവൊരുവന്‍ = ത്രീയേകന്‍, ത്രീയേകദൈവം
മെമ്രാ = പാട്ട്, ഗീതം
യാവന (യാപന) = ആഹാരം, തീറ്റ, ഉപജീവനമാര്‍ഗ്ഗം
വഹിയാ = വയ്യാ (സംസ്കൃതസാമ്യം വരുത്തിയത്); വഹിക്കുയില്ല
വാങ്ങി = പിന്തിരിഞ്ഞു
വിമ്മിട്ടം (വിമ്മിഷ്ടം) = വിഷമം, ശ്വസിക്കുവാന്‍ പ്രയാസം
വിലങ്ങിടം = കാരാഗൃഹം, തടങ്കല്‍, തടവറ
സന്തുക്കള്‍ = (തന്തുക്കള്‍) ശരീരാവയവങ്ങള്‍, സന്ധികള്‍
സ്വതകര്‍മ്മം = സ്വതേയുള്ള പ്രവര്‍ത്തനം
സ്വത്വം = സമാധാനം, സ്വാതന്ത്ര്യം, സ്വസ്തി
സൂക്ഷിക്കുക = നോക്കുക, കരുതിയിരിക്കുക, കാക്കുക.